തൃശൂർ : തിരൂർ പുത്തൻമഠംകുന്ന് പാടശേഖരം വിളവെടുപ്പിന്‍റെ തിരക്കിലാണ്. 25 ഏക്കറോളം വരുന്ന പാടശേഖരം കൂർക്ക കൃഷിയാൽ സമൃദ്ധമാക്കിയിരിക്കുകയാണ്.
പരമ്പരാഗത കൂർക്ക കർഷകരായ 15 പേർ ചേർന്നാണ് പ്രദേശത്ത് കൃഷിയിറക്കിയത്. മുണ്ടകൻ കൃഷിക്ക് ശേഷമുള്ള ഇടവേളയിലായിരുന്നു കൂർക്ക കൃഷി. നാല് മാസം കൊണ്ട് വിളവെടുപ്പാരംഭിച്ച കൂർക്ക കിലോയ്‌ക്ക് 40 രൂപയാണ് നിലവിൽ ലഭിക്കുന്നത്.
തൃശൂരിൽ നിന്നും മറ്റുമുള്ള മൊത്തക്കച്ചവടക്കാർ നേരിട്ടെത്തിയാണ് കൂർക്ക ശേഖരിക്കുന്നത്. ഇവിടത്തെ നിരവധി വനികളുൾപ്പടെയുള്ള തൊഴിലാളികൾക്ക് കൂർക്ക പറിക്കുന്നതിനും മറ്റുമായി ഏതാനും തൊഴിൽ ദിനങ്ങൾ നൽകാനും കർഷകർക്ക് കഴിയുന്നുണ്ട്.
ALSO READ: വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്നു ; വ്യാപക നാശനഷ്‌ടം
കർഷകകുടുംബമായ വാരിയമ്പാട്ട് വീട്ടിൽ തങ്കമണിയും മക്കളായ കണ്ണൻ, ബാബു എന്നിവരും ഇത്തവണയും തങ്ങളുടെ രണ്ടേക്കർ കൃഷിയുമായി രംഗത്തുണ്ട്. നെൽകൃഷിക്കും മറ്റുമുള്ള യന്ത്രവത്കൃത നടീലും വിളവെടുപ്പുമൊന്നും കൂർക്കക്കൃഷിയിൽ എളുപ്പമല്ലാത്തതിനാൽ തുടക്കം മുതൽ തന്നെ മണ്ണറിഞ്ഞ് കൃഷിചെയ്‌തു. കാലാവസ്ഥ കൂടി അനുകൂലമായതോടെ മികച്ച വിളവു ലഭിച്ചെന്ന് കുടുംബം പറയുന്നു.
ഈ മേഖലയിലെ കർഷകരുടെ മികച്ച വരുമാനമാർഗമാണ് കൂർക്കക്കൃഷി. കിഴങ്ങുവർഗത്തിൽപ്പെട്ട രുചികരവും പോഷക സമൃദ്ധവുമായ കൂർക്കയ്‌ക്ക് ആവശ്യക്കാരും ഏറെയാണ്. പ്രളയസമയത്ത് ചെറിയ നഷ്‌ടം നേരിടേണ്ടിവന്നുവെങ്കിലും പുത്തൻമഠംകുന്ന് പാടശേഖരത്ത് കൂർക്ക വിളവെടുപ്പ് പൊടിപൊടിക്കുകയാണ്.