തൃശൂർ: കേന്ദ്രസർക്കാരിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. നിയമങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്നും ഇതിന്‍റെ പേരിൽ എന്ത് നടപടി വേണമെങ്കിലും സ്വീകരിക്കാൻ ഒരുക്കമാണെന്നും കൃഷി മന്ത്രി വി.എസ് സുനിൽ കുമാർ പറഞ്ഞു. കാർഷിക നിയമത്തിനെതിരെ രാജ്യത്ത് കർഷക സമരത്തിന്‍റെ ചൂടേറുമ്പോഴാണ് കേരള സർക്കാരിന്‍റെ നിർണായക തീരുമാനം.
കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്‌തുകൊണ്ട് സുപ്രീം കോടതിയെ സമീപിക്കാനാണ് സംസ്ഥാന സർക്കാരിന്‍റെ തീരുമാനം. ഇതിന്‍റെ ഭാഗമായി അടുത്ത ദിവസം സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കും. ഇതിനാവശ്യമായ നിർദേശം സംസ്ഥാന സർക്കാർ അഡ്വക്കേറ്റ് ജനറലിന് നൽകി കഴിഞ്ഞുവെന്ന് കൃഷി മന്ത്രി വി.എസ് സുനിൽ കുമാർ പറഞ്ഞു. കേന്ദ്രസർക്കാരിന്‍റെ കർഷക വിരുദ്ധ കരി നിയമങ്ങൾ കേരളത്തിൽ നടപ്പിലാക്കില്ലെന്നും അതിന്‍റെ പേരിൽ കേന്ദ്ര സർക്കാരിന്‍റെ ഏത് നടപടിയും നേരിടാൻ സർക്കാർ ഒരുക്കമാണെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽ ഉൾപ്പെടുന്ന വിഷയങ്ങളിൽ കേന്ദ്രസർക്കാർ ഏകപക്ഷീയമായി നിയമ നിർമാണം നടത്തുന്നത് ഫെഡറലിസത്തോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി ആരോപിച്ചു. കേന്ദ്രസർക്കാർ പാസാക്കുന്ന നിയമങ്ങളിൽ ഏതെങ്കിലും വ്യവസ്ഥകൾ സംസ്ഥാനത്തെ പ്രതികൂലമായി ബാധിക്കുകയാണെങ്കിൽ അത് നേരിടാൻ സംസ്ഥാനത്തിന്‍റെ അധികാരം പ്രയോജനപ്പെടുത്തി ആവശ്യമായ നിയമ നിർമാണം നടത്തുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.