തിരുവനന്തപുരം: ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തിലൂടെയുള്ള ദേശീയ പാത 766ലെ രാത്രി യാത്ര നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് നിയമസഭയുടെ പ്രമേയം. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അവതരിപ്പിച്ച പ്രമേയം നിയമസഭ ഐകകണ്ഠ്യേന പാസാക്കി. വയനാട്ടിലെയും മലബാറിലേയും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യം ഉറപ്പ് വരുത്താന്‍ നടപടി വേണമെന്ന് നിയമസഭ പ്രമേയത്തിലൂടെ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
കോഴിക്കോട്ടു നിന്ന് ബത്തേരി വഴി മൈസൂരുവിലേക്കുള്ള ദേശീയപാത 766ൽ ബന്ദിപ്പൂർ വനമേഖലയിൽ നിലവിൽ രാത്രി ഒൻപത് മുതൽ രാവിലെ ആറ് വരെയാണ് ഗതാഗത നിരോധനം ഉള്ളത്. എന്നാൽ പാത തുറക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ, പകൽ കൂടി യാത്ര നിരോധിക്കാൻ സുപ്രീംകോടതി നീക്കം ഉണ്ടായതോടെ ജനകീയ രോഷം ഉടലെടുക്കുകയായിരുന്നു.