തൃശൂർ : ഇരിങ്ങാലക്കുട കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള നൃത്തോത്സവത്തിൽ മന്‍സിയക്ക് അനുമതി നിഷേധിച്ചതില്‍ വിശദീകരണവുമായി കൂടല്‍മാണിക്യം ക്ഷേത്ര ഭരണസമിതി. ക്ഷേത്ര മതിൽക്കെട്ടിനകത്തായതിനാലാണ് മൻസിയയെ ഒഴിവാക്കിയതെന്നാണ് അധികൃതരുടെ വാദം.
പത്രത്തിൽ പരസ്യം നൽകിയാണ് കലാപരിപാടികൾക്ക് അപേക്ഷ ക്ഷണിച്ചതെന്നും, ഹിന്ദുക്കളായ കലാകാരര്‍ ആകണമെന്ന് പ്രത്യേകം പറഞ്ഞിരുന്നതായും ക്ഷേത്ര ഭാരവാഹികൾ വ്യക്തമാക്കി. നിലവിലെ നിയമമനുസരിച്ച് അഹിന്ദുക്കളെ ക്ഷേത്ര മതിൽക്കെട്ടിനകത്ത് പ്രവേശിപ്പിക്കാൻ കഴിയില്ലെന്നും ഭരണസമിതി പറയുന്നു.
അഹിന്ദുവായതിനാല്‍ ക്ഷേത്രത്തിൽ ഭരതനാട്യം അവതരിപ്പിക്കാൻ അവസരം നിഷേധിച്ചെന്നും നോട്ടിസിലടക്കം പേര് അച്ചടിച്ചതിന് ശേഷമാണ് ഭാരവാഹികൾ പറ്റില്ലെന്ന് അറിയിച്ചതെന്നും നര്‍ത്തകി മൻസിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു.
ഏപ്രിൽ 21ന് ആറാം ഉത്സവത്തിന്‍റെ ഭാഗമായുള്ള കലാപരിപാടികളിലാണ് മൻസിയയുടെ ഭരതനാട്യം നിശ്ചയിച്ചിരുന്നത്. ഇക്കാര്യം നോട്ടിസിലും അച്ചടിച്ചിരുന്നു. എന്നാൽ തനിക്ക് ഭരതനാട്യം അവതരിപ്പിക്കാൻ അനുമതിയില്ലെന്ന് ക്ഷേത്ര ഭാരവാഹികളിൽ ഒരാൾ വിളിച്ച് അറിയിക്കുകയായിരുന്നുവെന്ന് മൻസിയ പറഞ്ഞു. വിവാഹത്തിന് ശേഷം മതം മാറിയോ എന്ന് ചോദിച്ചുവെന്നും മൻസിയ വിശദീകരിച്ചിരുന്നു.