തൃശൂര്‍: കേരളാ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്‍ര്‍പ്രൈസില്‍ സ്‌പ്രിംഗ്ളര്‍ മോഡല്‍ വിവരം ചോര്‍ത്തല്‍ നടന്നതായ പിടി തോമസ് എംഎല്‍എയുടെ ആരോപണം തള്ളി ചെയർമാൻ പീലിപ്പോസ് തോമസ്. മൊബൈല്‍ ആപ്പും വെബ് പോര്‍ട്ടലുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ കഴമ്പില്ലെന്നും ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം തൃശ്ശൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മൊബൈല്‍ ആപ്പും വെബ് പോര്‍ട്ടലുമായി ടെന്‍ഡര്‍ നല്‍കിയത് സുതാര്യമായി നടപടിക്രമങ്ങള്‍ പാലിച്ചാണ്. ചിട്ടി നടത്തിപ്പിൻ്റെ ഭാഗമായാണ് ഇടപാടുകാരുടെ വിവരങ്ങൾ നൽകുന്നത്. ഐടി കാര്യങ്ങളിൽ ഉപദേശം നൽകാനാണ് ഗിരീഷ് ബാബുവിനെ നിയമിച്ചത്. ഒരു വർഷത്തേക്കാണ് നിയമനം. ഇത് നീട്ടി നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും പീലിപ്പോസ് തോമസ് കൂട്ടിച്ചേർത്തു.
കെ.എസ്.എഫ്.ഇ മൊബൈൽ ആപ്ലിക്കേഷനുകളും വെബ് പോർട്ടലും നിർമ്മിക്കാൻ നൽകിയ ടെണ്ടറിൽ വൻ അഴിമതി ഉണ്ടെന്നായിരുന്നു പിടി തോമസ് എംഎല്‍എയുടെ ആരോപണം. സ്പ്രിംഗ്ളർ മോഡലിൽ അമേരിക്കൻ കമ്പനിയായ ക്ലിയർ ഐ ഡാറ്റ ചോർത്തിയെടുത്തു. ഇതില്‍ സമഗ്ര അന്വേഷണം വേണം. 35 ലക്ഷം ഇടപാടുകാരുടെയും 7000 ജീവനക്കാരുടേയും വിവരങ്ങൾ ചോർന്നുവെന്നും അദ്ദേഹം ആരോപിച്ചു.