തൃശൂർ: തൃശൂർ ജില്ലയിൽ ഓക്‌സിജൻ്റെ വ്യാവസായിക ഉപയോഗം നിരോധിച്ചു. കൊവിഡ് 19 രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിലാണ് ജില്ലയില്‍ വ്യാവസായിക ആവശ്യത്തിന് ഓക്‌സിജൻ ഉപയോഗിക്കുന്നത് നിരോധിച്ചത്. ദുരന്തനിവാരണ നിയമപ്രകാരമാണ് ജില്ല കലക്‌ടർ ഉത്തരവിറക്കിയത്.
മെഡിക്കൽ ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയുന്ന എല്ലാ സിലിണ്ടറുകളും ബന്ധപ്പെട്ട ഡീലർമാർ മെയ് മൂന്നാം തിയ്യതി അഞ്ച് മണിക്കകം ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറണം.
സിലിണ്ടറുകൾ പിടിച്ചെടുക്കുന്നതിന് താലൂക്ക് തഹസിൽദാർമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.
നിശ്ചിത സമയത്തിനകം സിലിണ്ടറുകൾ ജില്ല ദുരന്തനിവാരണ അതോറിറ്റിക്ക് കൈമാറാതെ കൈവശം സൂക്ഷിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.