തൃശൂർ: അനധികൃതമായി സ്വകാര്യ വ്യക്തി നിർമ്മിച്ച എട്ട് കുടിലുകളിൽ ആറെണ്ണത്തിന് ചട്ടം മറി കടന്ന് നമ്പറിട്ട് നല്‍കിയതായി പരാതി. ഗുരുവായൂർ നഗരസഭയിലാണ് ചട്ടം ലംഘിച്ചിട്ടുള്ള നടപടി. വർഷങ്ങളായി പട്ടികവിഭാഗക്കാർ പണി പൂർത്തിയാക്കിയ വീടുകൾക്ക് നമ്പറിട്ട് നൽകിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
ഗുരുവായൂർ നഗരസഭയിലെ 18-ാം വാർഡിൽ സ്വകാര്യ വ്യക്തിയാണ് തന്റെ വീടിനോട് ചേർന്നുള്ള ഭൂമിയിൽ നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് തകരഷീറ്റിൽ നിർമ്മിച്ച കുടിലുകൾ ഇതര സംസ്ഥാനക്കാർക്ക് വാടകക്ക് നൽകിയിരിക്കുന്നത്. 2000 മുതൽ 3000 രൂപക്കാണ് ഇത്തരക്കാർ ഇവിടെ വർഷങ്ങളായി താമസിക്കുന്നത്. ഒരു കുടിലിൽ തന്നെ രണ്ടും മൂന്നും കുടുംബങ്ങൾ വീതമാണ് വ്യക്തമായ രേഖകളില്ലാതെ ഇവിടെ താമസിച്ച് വരുന്നത്. ഇതിൽ ആറെണ്ണത്തിന് നഗരസഭ ഉദ്യോഗസ്ഥർ നമ്പറിട്ട് നൽകിയിട്ടുണ്ട്. പട്ടിക വിഭാഗക്കാർ വീടുപണി പൂർത്തിയാക്കിയിട്ടും ഇവർക്ക് നമ്പർ നൽകാൻ തയ്യാറാവാത്ത നഗരസഭാ അധികൃതരാണ് വാസയോഗ്യമല്ലാത്ത ഈ കുടിലുകൾക്ക് നമ്പറിട്ട് നൽകിയിട്ടുള്ളത് എന്നതാണ് വിചിത്രം. ഈ കുടിലുകൾക്ക് പുറമെ ഒരു ചായക്കട, ആക്രിക്കട, കൂടാതെ വസ്ത്രങ്ങൾ തേക്കുന്ന കേന്ദ്രവും ഇയാൾ ഇവിടെ ലൈസന്‍സ് ഇല്ലാതെ വാടകക്ക് കൊടുത്തിട്ടുണ്ട്.