തൃശൂര്‍: ഉരുൾപൊട്ടൽ ഭീഷണിയുള്ള പരിയാരം മോതിരക്കണ്ണി പ്രദേശത്ത് അനധികൃതമായി കുന്നിടിക്കുന്നതായി പരാതി. സർക്കാര്‍ വ്യവസായ പാർക്കിനായി ഏക്കർ കണക്കിന് കുന്നിടിക്കുന്നതായി നാട്ടുകാര്‍ ആരോപിച്ചു. പരിയാരം പഞ്ചായത്തിലെ ഏഴാം വാർഡിൽ കോടശ്ശേരി മലയുടെ താഴ്‌വാരമായ കുമ്പിളാൻ മുടിയിലാണ് സർക്കാർ സഹകരണ സംഘം കുന്നിടിക്കൽ നടത്തുന്നത്. സംസ്ഥാന സർക്കാർ സഹകരണ സംഘമായ സിറ്റ്മിക്കോസിന്റെ വ്യവസായ പാർക്ക് നിർമാണത്തിനായാണ് പ്രദേശത്തെ മലഞ്ചെരുവ് ഇടിക്കുന്നത്. എന്നാൽ പഞ്ചായത്തിൽ നിന്നും ജിയോളജി, പൊലീസ്, റവന്യൂ തുടങ്ങിയ വകുപ്പുകളിൽ നിന്നും ചട്ടപ്രകാരമുള്ള അനുമതി നേടാതെയാണ് ഇവിടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
കോടശ്ശേരി മലനിരകളാൽ ചുറ്റപ്പെട്ട പ്രദേശമാണ് മോതിരക്കണ്ണി. 2018ൽ കുമ്പിളാൻ മുടി മലയിൽ ഉരുൾ പൊട്ടിയിരുന്നു.. മാത്രമല്ല ഇപ്പോൾ ഇടിക്കുന്ന മലയുടെ തൊട്ടുപിന്നിൽ സ്ഥിതി ചെയ്തിരുന്ന കേരള വെറ്റിറനറി സർവകലാശാലയുടെ ഫാം പ്രവര്‍ത്തിക്കുന്നണ്ട്. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ഫാം നശിക്കുകയും അനേകം പശുക്കൾ ചാകുകയും ചെയ്തു. ഇപ്പോൾ കുന്നിടിക്കുന്ന ഭാഗത്ത് ഏതുസമയവും ഉരുൾ പൊട്ടലിനുള്ള സാധ്യതയുണ്ടെന്ന ഭയപ്പാടിലാണ് തങ്ങളെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ മോതിരക്കണ്ണിയിലുണ്ടായ ചുഴലിക്കാറ്റ് പ്രദേശത്ത് കനത്ത നാശം വിതച്ചിരുന്നു. എഴുനൂറോളം കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്ത് കൂടിയാണ് മാടക്കത്തറ സബ് സ്റ്റേഷന്‍റെ പവർ ലൈൻ കടന്നു പോകുന്നത്. ഇക്കാരണത്താൽ ചില വീടുകൾക്ക് വീട്ടുനമ്പർ നൽകാനും വൈദ്യുതി കണക്ഷൻ ലഭിക്കാനും പഞ്ചായത്ത് അനുമതി നിഷേധിച്ച സ്ഥലത്താണ് സർക്കാർ സഹകരണ സംഘം വ്യവസായ പാർക്ക് നിർമിക്കുന്നത്. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തകിടം മറിച്ചുകൊണ്ട് നിർമാണം ആരംഭിക്കുന്നത്.