തൃശൂര്‍: ഇന്ധന വില വർധനവിനെതിരെ പ്രതിഷേധം ശക്തമാകുന്നു . ജില്ലയില്‍ ബസുകൾ കെട്ടി വലിച്ച് ബസ് ഉടമകളും സമര രംഗത്തിറങ്ങി. ശക്തൻ തമ്പുരാൻ സ്റ്റാൻഡിലായിരുന്നു ബസ് ഉടമകളുടെ പ്രതിഷേധം. കേന്ദ്ര സർക്കാർ എക്സൈസ് നികുതിയിലും സംസ്ഥാന സർക്കാർ വിൽപന നികുതിയിലും കുറവ് നൽകണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. കേന്ദ്ര സർക്കാരിന്‍റെ സ്ക്രാപ് പോളിസി 15 ൽ നിന്ന് 20 വർഷമാക്കി ഉയർത്തുക, സാമ്പത്തിക പാക്കേജിൽ ബസ് വ്യവസായവും ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ ഉന്നയിക്കുന്നു.
ജി ഫോം നൽകിയ ബസുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാലാവധി ഒരു വർഷം ലഭിക്കും വിധം മാറ്റം വരുത്തുക എന്നതാണ് മറ്റൊരു ആവശ്യം. സംസ്ഥാന തലത്തിലേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കുന്നതിന് മുന്നോടിയായാണ് തൃശൂരിൽ ബസ് കെട്ടി വലിച്ച് സമരം നടത്തിയത്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സർവീസ് നിർത്തി വെക്കുന്നത് അടക്കമുള്ള സമര പരിപാടികളിലേക്ക് നീങ്ങുമെന്ന് ബസ് ഉടമകൾ വ്യക്തമാക്കി. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്‍റ് എം.എസ് പ്രേംകുമാർ, ജനറൽ സെക്രട്ടറി കെ.എസ് സേതുമാധവൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.