തൃശൂർ: മിനിയേച്ചർ രൂപങ്ങളുടെ വിസ്‌മയ കാഴ്‌ചയൊരുക്കി കൊവിഡ് കാലത്തെ ഉപയോഗിക്കുകയാണ് പ്രവാസിയായ ബാബു. മഹാമാരി മൂലം ജോലി നഷ്‌ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികൾക്ക് ഉപജീവനത്തിനുള്ള മാർഗം കണ്ടെത്താൻ വഴികാട്ടി കൂടിയാണ് ഇദ്ദേഹം.
കഴിഞ്ഞ മാർച്ചിൽ ദുബൈയിലെ ഫയർ ആൻഡ് സേഫ്റ്റി കമ്പനിയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയതാണ് എടത്തിരുത്തി പൈനൂർ സ്വദേശിയായ ബാബു. കൊവിഡിനെ തുടർന്ന് തിരിച്ച് പോകാനാകാതെ വന്നപ്പോൾ പണ്ട് ഉപേക്ഷിച്ച കുലതൊഴിലിൽ ഒരു പരീക്ഷണം നടത്താൻ തീരുമാനിച്ചു. വീട്ടിൽ വിറകിനായി മാറ്റി വെച്ച മരക്കഷ്ണങ്ങളിൽ വഞ്ചികളുടെ വത്യസ്‌ത മാതൃകകൾ കൊത്തിയുണ്ടാക്കിയായിരുന്നു തുടക്കം. പിന്നീട് കിട്ടുന്ന തടിക്കഷ്‌ണങ്ങളും പാഴ്‌വസ്‌തുക്കളുമെല്ലാം ബാബുവിന്‍റെ കരവിരുതിൽ പുതിയ രൂപങ്ങളായി പിറവിയെടുത്തു. ഉപയോഗശൂന്യമായതെന്തും ബാബുവിന്‍റെ കയ്യിൽ കിട്ടിയാൽ കണ്ണിനെ വിസ്‌മയിപ്പിക്കുന്ന കരകൗശല ഉൽപന്നങ്ങളാകും. എണ്ണമയമുള്ളതും എളുപ്പത്തിൽ നശിക്കാത്തതുമായ മരങ്ങളാണ് നിർമാണത്തിനായി തിരഞ്ഞെടുക്കുന്നത്. മനസിൽ പിറവിയെടുക്കുന്ന രൂപങ്ങൾ കൊത്തിയെടുത്തതിന് ശേഷം സ്റ്റൈനർ ഉപയോഗിച്ച് മിനുക്കിയെടുക്കുന്നതോടെ മൂന്ന് ദിവസത്തെ നിർമാണ പ്രക്രിയ പൂർത്തിയാകുന്നു.
ചുണ്ടൻ വള്ളം, ഹൗസ് ബോട്ട്, കൊതുമ്പുവള്ളം, കെട്ടുവഞ്ചി തുടങ്ങിയവയുടെ വിസ്‌മയിപ്പിക്കുന്ന മിനിയേച്ചറുകളും കലാരൂപങ്ങളുടെ മാതൃകകളുമെല്ലാം വീടിനുള്ളിൽ നിറഞ്ഞു കഴിഞ്ഞു. ഏറെ ആകർഷകമായ ഇവ സ്വന്തമാക്കാൻ ബാബുവിനെ തേടിയെത്തുന്ന ആവശ്യക്കാർ ഏറെയാണ്. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്‍റെ പൂർണ പിന്തുണയും ബാബുവിനുണ്ട്. കൊവിഡ് വ്യാപനത്തോടെ പ്രവാസികളുടെ ജീവിതം ഇരുളടയുമ്പോഴും പാരമ്പര്യമായി കൈമാറിയ തൊഴിലിൽ ഉപജീവനം കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് ബാബുവും കുടുംബവും.