തൃശൂര്‍: പ്രളയക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘം ജില്ലയിൽ പര്യടനം നടത്തി. കേന്ദ്ര ജലവിഭവമന്ത്രാലയം എ.ഇ. വി മോഹൻമുരളി, ഗ്രാമവികസന മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി എച്ച് ആർ മീണ, ഗതാഗത മന്ത്രാലയം റീജിയണൽ ഓഫീസർ വി വി ശാസ്ത്രി എന്നിവരടങ്ങുന്ന സംഘമാണ് ജില്ലയിൽ പര്യടനം നടത്തിയത്.
പ്രളയത്തിൽ തൃശ്ശൂർ ജില്ലയിലുണ്ടായ കാർഷിക നഷ്ടവും കുടിവെള്ള വിതരണം, റോഡ്, ജലസേചനം എന്നീ മേഖലകളിലുണ്ടായ നഷ്ടവും സംഘം വിലയിരുത്തി. പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്ന വീടുകളിലും സംഘമെത്തി. ചാലക്കുടി പുഴയോരത്ത് മേലൂർ കല്ലുകുത്തിയിലെ കരയിടിച്ചിലാണ് സംഘം ആദ്യം വിലയിരുത്തിയത്. പ്രളയകാലത്ത് പുഴയിൽ വെള്ളം കയറിയതിനാല്‍ മുങ്ങിപ്പോയ കുന്നപ്പള്ളി വാട്ടർ അതോറിറ്റി പമ്പ് ഹൗസും സംഘം സന്ദർശിച്ചു. ഈ വർഷവും കഴിഞ്ഞ വര്‍ഷവും വെള്ളം കയറിയതിനാല്‍ പമ്പ് ഹൗസിനുണ്ടായ നാശ നഷ്ടം സംഘം ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് പൊയ്യയിലെ തകർന്ന താഴ്‌വാരം റോഡ് സംഘം സന്ദർശിച്ചു. സോയിൽ പൈപ്പിംഗ് പ്രതിഭാസം മൂലമാണ് റോഡ് നെടുകെ ആഴത്തിൽ പിളർന്നതെന്ന് മണ്ണുസംരക്ഷണ ഓഫീസർ സംഘത്തിന് വിശദീകരിച്ചു. നിലവില്‍ ഈ റോഡിലൂടെയുള്ള ഗതാഗതം നിലച്ചിരിക്കുകയാണ്. എടക്കുളം ഷൺമുഖം കനാൽ റോഡിൽ മണ്ണിടിഞ്ഞ ഭാഗവും സംഘം പരിശോധിച്ചു. 100 മീറ്ററാണ് ഇവിടെ മണ്ണിടിഞ്ഞ് താഴ്ന്നത്. കാക്കത്തുരുത്തി പാലം സന്ദർശനത്തോടെയാണ് സംഘത്തിന്റെ ജില്ലയിലെ പര്യടനം അവസാനിച്ചത്.