തൃശൂർ: അവണൂർ കൊലപാത കേസിൽ പ്രതി മയൂര നാഥനെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ച് പൊലീസ്. അവണൂർ സ്വദേശിയായ ശശീന്ദ്രന്‍റെ (57) കൊലപാതത്തിൽ മകൻ മയൂര നാഥന്‍ ഇന്നലെയാണ് (മാര്‍ച്ച് മൂന്ന്) അറസ്റ്റിലായത്. കടലക്കറിയിൽ വിഷം കലർത്തി കൊല്ലുകയായിരുന്നെന്ന് പ്രതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു.
ഇന്ന് രാവിലെ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കുമെന്നും എസിപി സജീവന്‍ മാധ്യമങ്ങളെ അറിയിച്ചു. അച്ഛനോടും രണ്ടാനമ്മയോടുമുള്ള പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രതി പൊലീസിന് മൊഴി നല്‍കിയത്.
വിഷം നിര്‍മിച്ചത് മയൂര നാഥന്‍ തന്നെ..!: ഏപ്രില്‍ രണ്ടിന് തൃശൂര്‍ മെഡിക്കൽ കോളജ് ആശുപത്രിയില്‍ വച്ചാണ് ശശീന്ദ്രൻ മരിച്ചത്. എടക്കുളത്തുള്ള വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചതിനെ തുടർന്നാണ് ശശീന്ദ്രൻ അവശ നിലയിലായത്. ഇഡ്ഡലിയും കടലക്കറിയുമാണ് കഴിച്ചിരുന്നത്. ഇതേ ഭക്ഷണം കഴിച്ച ശശീന്ദ്രന്‍റെ അമ്മയേയും ഭാര്യയേയും വീട്ടിലെത്തിയ രണ്ട് തെങ്ങുകയറ്റ തൊഴിലാളികളേയും സമാനമായ ലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിലെത്തിച്ചു.
മൂവരും തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്നു. ചികിത്സയിലിരിക്കുന്ന മറ്റ് നാലുപേരുടേയും അപകട നില തരണം ചെയ്‌തുവെന്നാണ് സൂചന. ആയുർവേദ ഡോക്‌ടറായ മയൂര നാഥന്‍ ഓൺലൈനിൽ രാസവസ്‌തുക്കൾ വാങ്ങി വിഷം സ്വയം നിർമിക്കുകയായിരുന്നു. വീട്ടിൽ മറ്റുള്ളവരെല്ലാം ഭക്ഷണം കഴിച്ചിട്ടും പ്രതി കഴിക്കാതിരുന്നത് പൊലീസിന് സംശയത്തിനിടയാക്കുകയായിരുന്നു.
കടലക്കറിയില്‍ വിഷം കലര്‍ത്തി അച്ഛനെ മാത്രം കൊല്ലാനായിരുന്നു പ്രതിയുടെ ഉദ്ദേശം. ഇതിനുശേഷം ആത്മഹത്യ ചെയ്യാനും പ്രതി പദ്ധതിയിട്ടിരുന്നു. എന്നാല്‍ രണ്ടാനമ്മയും പിതാവിന്‍റെ അമ്മയും തോട്ടത്തിലെ പണിക്കാരും ഭക്ഷണം കഴിച്ച് കുഴഞ്ഞുവീണതോടെ ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
ALSO READ| രക്തം ഛർദിച്ച് അവശ നിലയില്‍ ഗൃഹനാഥന്‍റെ മരണം; ഭക്ഷ്യവിഷബാധയെന്ന് സംശയം
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു: മയൂര നാഥന്‍റെ അമ്മ എട്ട് വർഷങ്ങൾക്ക് മുന്‍പാണ് മരിച്ചത്. ഭാര്യ മരിച്ച് ഒരു വർഷത്തിനുള്ളിൽ ശശീന്ദ്രൻ രണ്ടാം വിവാഹം കഴിച്ചു. അച്ഛന്‍റെ ഈ തീരുമാനം മയൂര നാഥൻ അംഗീകരിച്ചിരുന്നില്ല. ഇതേത്തുടർന്ന് ഇയാള്‍ മാനസിക സംഘര്‍ഷത്തിലായിരുന്നു. ഇത് വൈരാഗ്യമായി മാറിയതോടെയാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്.
പോസ്‌റ്റ് മോർട്ടം റിപ്പോർട്ടിൽ വിഷം ഉള്ളിൽ ചെന്നിട്ടുണ്ട് എന്ന സംശയം ഉയര്‍ന്നിരുന്നു. തുടർന്ന് ശശീന്ദ്രന്‍റെ ആന്തരികാവയവങ്ങൾ വിദഗ്‌ധ പരിശോധനയ്ക്കായി അയച്ചു. കാക്കനാട്ടെ ഫൊറൻസിക് ലാബിലാണ് പരിശോധിച്ചത്. ശശീന്ദ്രന്‍റെ സംസ്‌കാര ചടങ്ങുകൾക്ക് ശേഷമാണ് മയൂര നാഥിനെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതിക്കുകയായിരുന്നു. തുടർന്നാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. കൊല്ലപ്പെട്ട ശശീന്ദ്രൻ തൃശൂര്‍ പുഴയ്ക്കല്‍ ശോഭ സിറ്റിയില്‍ സൂപ്പര്‍വൈസറായിരുന്നു.