തൃശൂർ: ലോകത്തെ ഏറ്റവും വലിയ സംഗീത വാദ്യ പരിപാടി. ഈണവും താളവും രൗദ്രതയും സംഗമിക്കുന്ന വാദ്യ വിസ്മയം. മേടച്ചൂടിനെ വകവെയ്ക്കാതെ വടക്കുന്നാഥന്‍റെ മുന്നില്‍ ആയിരങ്ങളെ സാക്ഷിയാക്കി പെരുവനം കുട്ടൻമാരാർ കൊട്ടിത്തുടങ്ങുമ്പോൾ ലോകമെമ്പാടുമുള്ള മേളാസ്വാദകർ കണ്ണും കാതും കൂർപ്പിക്കും. പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന്‍റെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നാണ് ഇലഞ്ഞിത്തറ മേളം. വടക്കുന്നാഥന്‍റെ ക്ഷേത്രമതില്‍ക്കെട്ടിനകത്ത് നടത്തുന്ന പാണ്ടിമേളം എന്ന നിലയിലും ഇലഞ്ഞിത്തറ മേളം അപൂർവതയാണ്.
പാറമേക്കാവ് വിഭാഗത്തിന്‍റെ ഇലഞ്ഞിത്തറ മേളത്തിൽ 23-ാം വർഷവും പെരുവനം കുട്ടൻ മാരാരായിരുന്നു പ്രമാണി. മുന്നൂറിലേറെ വാദ്യകലാകാരന്മാർ അണിനിരക്കുന്ന ഇലഞ്ഞിത്തറ മേളത്തിന് ഇത്തവണ 200 ഓളം കലാകാരന്മാരാണ് പങ്കെടുത്തത്.
ഇത്തവണ ആസ്വാദകരില്ലെങ്കിലും ആവേശത്തിന് ഒട്ടും കുറവില്ലായിരുന്നു. പെരുവനം കുട്ടൻ മാരാർക്കൊപ്പം കൊമ്പിൽ മച്ചാട് രാമചന്ദ്രനും കുറുംകുഴലിൽ വെളപ്പായ നന്ദനനും വലംതല ചെണ്ടയിൽ പെരുവനം ഗോപാലകൃഷ്ണനും ഇലത്താളത്തിൽ കുന്നത്ത് നന്ദനനും പ്രമാണിമാരായി.
ഇലഞ്ഞിത്തറയില്‍ മൂന്ന് മണിക്കൂറിലധികം നീളുന്ന മേളം സമാപിച്ച് വടക്കുനാഥനെ വലം വെച്ച ഭഗവതിമാർ തെക്കേ ഗോപുരനട വഴി പുറത്തേക്ക് എഴുന്നള്ളിയതോടെയാണ് താളത്തിരമാല ഇരമ്പിയാർത്ത മാസ്‌മരിക ലഹരിയില്‍ നിന്ന് ആസ്വാദകർ മോചിതരായത്. ഓരോ വർഷവും കൂടുതല്‍ ആവേശം നിറയുന്ന ഇലഞ്ഞിത്തറ മേളം ആസ്വാദകന് സമ്മാനിക്കുന്നത് പാണ്ടിമേളത്തിന്‍റെ അദൃശ്യതരംഗം. പെരുവനവും സംഘവും ഓരോ കാലവും കൊട്ടിമാറുമ്പോൾ തലയാട്ടിയും കൈകൊണ്ട് താളം പിടിച്ചും നിന്നവർ മേളപ്പെരുക്കത്തിന് അനുസരിച്ച് ഇലഞ്ഞിച്ചോട്ടില്‍ മനം മറക്കും. ദേവിമാർ ഉപചാരം ചൊല്ലി പിരിയുന്നതിനൊപ്പം അടുത്ത വർഷത്തെ മേളപ്പെരുക്കത്തിനും കലാശത്തിനുമുള്ള കാത്തിരിപ്പാണ് ഓരോ ആസ്വാദകനും.