തൃശൂര്‍ : പരിസ്ഥിതി ദിനത്തില്‍ മാത്രം, പരിസ്ഥിതിയോട് സ്നേഹം കാണിക്കുന്നവര്‍ നമുക്ക് ചുറ്റും ധാരാളമുണ്ട്. അക്കൂട്ടത്തില്‍ നിന്ന് വ്യത്യസ്‌തനായ ഒരാളുണ്ട് തൃശൂരില്‍. ജനസേവനത്തിനിടെ പരിസ്ഥിതിയ്‌ക്കായി സമയം കണ്ടെത്തി, അങ്ങനെ വനം തന്നെ നട്ടുപിടിപ്പിച്ച ഒരു പൊലീസുകാരന്‍. തൃശൂർ സിറ്റി പൊലീസ് ജില്ല ആസ്ഥാനത്തെ റിസർവ് സബ് ഇൻസ്പെക്‌ടറായ സി.വി പ്രദീപാണ് ഈ വ്യത്യസ്‌തയ്‌ക്ക് പിന്നില്‍.
ജില്ലയിലെ പൊലീസ് ക്ലബ്ബിന്‍റെ ചുറ്റുപാടുമുള്ള പച്ചപ്പ് നല്‍കുന്ന ഊഷ്‌മളത, പ്രദീപിന്‍റെ പ്രകൃതിസ്‌നേഹം അടയാളപ്പെടുത്തുന്നതാണ്. കൊല്ലം സ്വദേശിയായ ഈ പൊലീസുകാരന്‍ 2003 ലാണ് തൃശൂരിലെത്തിയത്. പൊലീസ് ക്ലബ് സ്ഥിതിചെയ്യുന്ന സ്ഥലത്തെ പാറ നിറഞ്ഞ ഭൂമിയിൽ അക്കാലത്ത് മരങ്ങൾ കുറവായിരുന്നു. വേനൽക്കാലത്തെ അസഹ്യമായ ചൂട്, മരമല്ലാതെ മറ്റൊരു മറുമരുന്നില്ലെന്ന തിരിച്ചറിവ് പ്രദീപിലുണ്ടാക്കി.
നഗരത്തിന്‍റെ പച്ചത്തുരുത്ത് : സംസ്ഥാന വനം ഗവേഷണ സ്ഥാപനത്തിന്‍റെ പീച്ചി ആസ്ഥാനത്തുനിന്നും ചെടികൾ ശേഖരിച്ച് നട്ടുപിടിപ്പിച്ചു. അങ്ങനെ 18 വർഷങ്ങൾക്ക് ശേഷം ഇവിടെ മനോഹരമായ കാട് തന്നെ രൂപപ്പെട്ടു. വിവിധ തരം വള്ളിച്ചെടികൾ, മാവിനങ്ങൾ, മുള, തേക്ക്, മഹാഗണി, ആര്യവേപ്പ്, നാഗലിംഗം, ദന്തപ്പാല തുടങ്ങിയവയുടെ വന്‍ ശേഖരമാണ് ഇപ്പോൾ പൊലീസ് ക്ലബ് വളപ്പിലുള്ളത്.
''ഇവിടുത്തെ കായ്‌കനികൾ പക്ഷിമൃഗാദികൾക്ക് ഉള്ളതാണ്''. സിറ്റി സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് അസിസ്റ്റന്‍റ് നോഡൽ ഓഫിസര്‍ ചുമതലയും വഹിക്കുന്ന പ്രദീപിന്‍റെ ഉറച്ച നിലപാടാണ് ഇത്. നഗരത്തില്‍ ഒരു പച്ചത്തുരുത്ത് സൃഷ്‌ടിച്ചുകൊണ്ടുകൂടിയാണ് ഈ പൊലീസുകാരന്‍ തന്‍റെ സേവനകാലം അടയാളപ്പെടുത്തുന്നത്.