തൃശ്ശൂര്‍: തൃശ്ശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു. ചിറ്റിലങ്ങാട് പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപ് (26) ആണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്നു നാല് സിപിഎം പ്രവർത്തകരെ അക്രമി സംഘം വെട്ടി പരിക്കേല്‍പ്പിച്ചു. പരിക്കേറ്റവര്‍ തൃശ്ശൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
ബിജെപി-ബജരംഗ്ദൾ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. രാത്രി 11 മണിയോടെ ചിറ്റിലങ്ങോടുള്ള സുഹൃത്തിനെ വീട്ടിലാക്കാൻ എത്തിയപ്പോള്‍ പ്രദേശത്തുണ്ടായിരുന്ന സംഘവുമായി വാക്കേറ്റമുണ്ടാകുകയായിരുന്നു. തുടർന്ന് എട്ടോളം പേരടങ്ങിയ അക്രമി സംഘം ആയുധങ്ങൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ സനൂപ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അതേസമയം അക്രമികൾ എത്തിയതെന്ന് സംശയിക്കുന്ന കാർ കുന്നംകുളത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവ സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നു.