തൃശ്ശൂര്‍: ഓട്ടിസത്തെ മറികടന്ന് ജീവിതം വീണ്ടെടുക്കാന്‍ പ്രത്യേക പരിശീലനങ്ങളിലൂടെ കുട്ടികളെ പ്രാപ്‌തരാക്കുന്ന സ്ഥാപനമാണ് സർക്കാരിന്‍റെ കീഴിൽ തൃശ്ശൂരിൽ പ്രവർത്തിക്കുന്ന സെന്‍റർ ഫോർ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓഫ് ഓട്ടിസ്റ്റിക് സെന്‍റര്‍. ഓട്ടിസം ബാധിച്ച കുട്ടികളെ യഥാർഥ ജീവിതത്തിലേക്ക് കൊണ്ടുവരികയെന്നതാണ് അർബൻ റിസോഴ്‌സ് സെന്‍ററിന്‍റെ കീഴിലുള്ള ഓട്ടിസ്റ്റിക് സെന്‍ററിന്‍റെ ലക്ഷ്യം.
അരണാട്ടുകരയിലെ ഈ പരിശീലന കേന്ദ്രത്തില്‍ കോർപ്പറേഷൻ പരിധിയിലെ സര്‍ക്കാര്‍-എയ്‌ഡഡ് വിദ്യാലയങ്ങളിലെ പ്രീ പ്രൈമറി തലം മുതൽ പ്ലസ് ടു വരെയുള്ള ഓട്ടിസം ബാധിതരായ വിദ്യാർഥികൾക്ക് വിവിധ പരിശീലനങ്ങളാണ് നൽകുന്നത്. പരിശീലന പ്രവര്‍ത്തനങ്ങൾക്ക് നേതൃത്വം നല്‍കാന്‍ അഞ്ച് അധ്യാപകരുടെയും രണ്ട് സൈക്കോളജിസ്റ്റുമാരുടെയും സേവനം ഇവിടെ ലഭ്യമാണ്. സംസ്ഥാനത്താകെ 18 പരിശീലന കേന്ദ്രങ്ങളാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്.
ഓട്ടിസം ബാധിതരുടെ ഭിന്നതകൾ വിവിധ തരത്തിലാവുമെന്നതിനാൽ ഇവരുടെ പരിമിതികളെ മെഡിക്കല്‍ ക്യാമ്പുകള്‍ വഴി കണ്ടെത്തിയാണ് ആവശ്യമായ പരിശീലനങ്ങൾ നല്‍കുന്നത്. സമീപ ഭാവിയില്‍ തന്നെ സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഇത്തരം ട്രെയിനിങ് സെന്‍ററുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായി അർബൻ റിസോഴ്‌സ് സെന്‍റർ (യുആര്‍സി) ബ്ലോക്ക് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ബെന്നി ജേക്കബ് പറഞ്ഞു. ആഴ്ചയിൽ മൂന്ന് ദിവസം മൂന്ന് മണിക്കൂർ വീതം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഇവിടെ പരിശീലനം നൽകുന്നു. സമഗ്രശിക്ഷ തൃശ്ശൂരിനു കീഴില്‍ ജില്ലയില്‍ ചെങ്ങാലൂരും മാളയിലും ഓട്ടിസം ട്രെയിനിങ് സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.