തൃശൂർ: നിയമസഭ തെരഞ്ഞെടുപ്പ് ചർച്ചകൾക്കായുള്ള ബി.ജെ.പി സംസ്ഥാന സമിതി യോഗം തൃശൂരിൽ ആരംഭിച്ചു. എ പ്ലസ് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കുറിച്ച് നേരത്തെ നേതൃത്വത്തിൽ ഏകദേശ ധാരണയായിട്ടുണ്ട്. നേമത്ത് കുമ്മനത്തെയും, വട്ടിയൂർക്കാവിൽ വി.വി രാജേഷ് അടക്കമുള്ള നേതാക്കളെയും ഇറക്കാനാണ് പ്രാഥമിക ധാരണ. ഇക്കാര്യവും യോഗം ചർച്ച ചെയ്യും. അധ്യക്ഷൻ കെ.സുരേന്ദ്രൻ മത്സരിക്കുമോ എന്നതും യോഗം ചർച്ച ചെയ്യും. ഇക്കാര്യത്തിൽ കേന്ദ്രത്തിൻ്റെ തീരുമാനം നിർണായമാകും. തൃശൂരിൽ ചേരുന്ന ഇന്നത്തെ യോഗത്തിൽ സ്ഥാനാർഥി നിർണയത്തെ കുറിച്ചുള്ള പ്രാഥമിക ചർച്ചകളും ഉണ്ടാകും. സംസ്ഥാന ജനറൽ സെക്രട്ടറിമാർ എല്ലാവരും മത്സരരംഗത്തുണ്ടാകും.
ഇന്നത്തെ യോഗത്തിൽ നിന്നും ശോഭാ സുരേന്ദ്രൻ വിട്ടുനിൽക്കുകയാണ്. മുന്നണിയിലെ പ്രശ്‌നം പരിഹരിക്കണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം തടയിടുകയാണെന്ന് ശോഭ പരാതി ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ശോഭാ സുരേന്ദ്രൻ യോഗത്തിൽ നിന്നും വിട്ടു നിൽക്കുന്നത്.