തൃശൂര്‍: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഭക്തജനങ്ങളെ പ്രവേശിപ്പിക്കില്ലെന്ന് അധികൃതർ അറിയിച്ചു. കൊവിഡ് മുന്‍കരുതലുകളുടെ ഭാഗമായാണ് നടപടി. ദേവസ്വത്തിന്‍റെ 11 കീഴേടങ്ങളിലും ഈ ഉത്തരവ് ബാധകമാണ്. നടപടിയുടെ ഭാഗമായി ക്ഷേത്ര പ്രവര്‍ത്തനങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തി.
ക്ഷേത്രത്തിലെ പൂജകളും മറ്റു ചടങ്ങുകളും പതിവുപോലെ നടക്കും.ക്ഷേത്ര പരിസരത്തും, ആല്‍ത്തറയിലും കൂട്ടം കൂടുന്നത് നിരോധിച്ചതായും അധികൃതര്‍ അറിയിച്ചു. അതേസമയം ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ നടക്കും. രാവിലെ 6:15 എതൃത്ത് പൂജയും തുടര്‍ന്ന് ഉച്ചപൂജയും നടക്കും. രാവിലെ രാവിലെ 9 മണിയോടെ നടയടക്കും.
വൈകുന്നേരം 5 മണിക്ക് നടതുറന്ന് പൂജകള്‍ക്ക് ശേഷം രാത്രി 7:30 ന് നടയടക്കും. 50 ശതമാനം ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്കെത്താനും നിര്‍ദേശം നല്‍കി. വഴിപാട് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കില്ല.ദേവസ്വം ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കും. ഉത്സവത്തിന്‍റെ ഒരുക്കങ്ങള്‍ നടന്ന് വരുന്നതായും ഉത്സവ ആഘോഷങ്ങള്‍ മാറ്റുന്ന കാര്യം ചര്‍ച്ച ചെയ്‌തിട്ടില്ലെന്നും ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ പറഞ്ഞു.