തൃശൂർ: വടക്കാഞ്ചേരിയിലെ ലൈഫ്മിഷൻ ഫ്ലാറ്റ് നിർമാണത്തിൽ സ്വപ്നക്ക് കരാർ കമ്പനി കമ്മീഷൻ നൽകിയ സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അനിൽ അക്കര എം.എൽ.എ ഗവർണർക്ക് കത്ത് നൽകി. വടക്കാഞ്ചേരി നഗരസഭയിലെ ചരൽപറമ്പിൽ നിര്‍മിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്‍റെ നിർമാണത്തിനുള്ള തുക എമിറേറ്റ്സ് റെഡ് ക്രസന്‍റ് എന്ന ഏജന്‍സി യു.എ.ഇ കോണ്‍സുലേറ്റ് വഴിയാണ് കണ്ടെത്തിയിരിക്കുന്നത്. 2019 ജൂലൈയിൽ നിർമാണം ആരംഭിക്കുകയും ചെയ്തു. സ്വപ്ന സുരേഷിന്‍റെ ബാങ്ക് ലോക്കറില്‍ നിന്നും കണ്ടെടുത്ത ഒരു കോടി രൂപ യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നും ഫ്ളാറ്റ് സമുച്ചയം നിര്‍മിക്കുന്നുമായി ബന്ധപ്പെട്ട് ലഭിച്ച കമ്മീഷനാണെന്നും അനില്‍ അക്കര എംഎല്‍എ പറയുന്നു. തുക ഫ്ലാറ്റ് നിര്‍മാണ കമ്പനിയായ യൂണിറ്റാക്ക് ഗ്രൂപ്പ് വഴിയാണ് തന്നതെന്നും അന്വേഷണ ഏജന്‍സികള്‍ക്ക് സ്വപ്ന മൊഴി നൽകിയിരുന്നു. മുഖ്യമന്ത്രി ചെയർമാനായ ലൈഫ് മിഷൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പിട്ട കരാറിന്‍റെ അടിസ്ഥാനത്തിത്തിലാണ് ഇവിടെ തട്ടിപ്പ് നടന്നിട്ടുള്ളത്.
നിലവിലുള്ള സാമ്പത്തിക നിയമങ്ങൾ അനുസരിച്ച് ഇടപാട് വലിയ കുറ്റവുമാണ്. ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി ഒരു വിദേശ എന്‍.ജി.ഒയുമായി രാജ്യം അറിയാതെ കരാറിൽ ഏർപ്പെട്ടുവെന്നത് രാജ്യദ്രോഹമാണ്. സംസ്ഥാന ലൈഫ് മിഷന്‍ അധികാരികളും, യു.എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും, എമിറേറ്റ്സ് റെഡ് ക്രസന്‍റ് ഭാരവാഹികളും, യൂണിറ്റാക്ക് ഗ്രൂപ്പും, ഇടനിലക്കാരിയായ സ്വപ്ന സുരേഷും, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ലൈഫ് മിഷൻ സി.ഇ.ഒയുമായിരുന്ന എം.ശിവശങ്കറും ഉള്‍പ്പെട്ട ഗൂഢാലോചനയുടെ ഭാഗമായാണ് കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നിട്ടുള്ളതെന്നും അനില്‍ അക്കര ആരോപിച്ചു. ഇതില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് അനില്‍ അക്കര ഗവർണർക്ക് കത്ത് നല്‍കിയത്.