തിരുവനന്തപുരം : അരിക്കൊമ്പനെ തിരികെ ഇടുക്കി ചിന്നക്കനാലിൽ എത്തിക്കണമെന്ന ആവശ്യവുമായി കാസർകോട് മുതൽ തിരുവനന്തപുരം വരെ കാൽനട യാത്രയുമായി യുവാവ്. തൃശൂർ ചാലക്കുടി സ്വദേശി രേവദാണ് അരിക്കൊമ്പനെ തിരികെ എത്തിക്കണമെന്ന ആവശ്യം ഉയർത്തി വ്യത്യസ്‌തമായ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. ജൂൺ 30 ന് കാസർകോട് നിന്ന് ആരംഭിച്ച കാൽനടയാത്ര കഴിഞ്ഞദിവസം സെക്രട്ടറിയേറ്റിന് മുൻപിലാണ് സമാപിച്ചത്. നോട്ടുമാലയും പൂമാലയുമിട്ടാണ് സെക്രട്ടറിയേറ്റിന് മുൻപിൽ രേവദിനെ അരിക്കൊമ്പൻ ഫാൻസ് സ്വീകരിച്ചത്.
കാല്‍നട യാത്ര ഇങ്ങനെ : അരിക്കൊമ്പനെ മാറ്റുന്നതിന് പകരം ചിന്നക്കനാലിലെ താമസക്കാരെ മാറ്റണമെന്ന വിചിത്രമായ ആവശ്യവും രേവദ് ഉയർത്തുന്നു. ഇടുക്കിയിൽ നിരവധി പുറമ്പോക്ക് ഭൂമിയുണ്ട്. അവിടെ ഫ്ലാറ്റുകൾ കെട്ടി ചിന്നക്കനാൽ നിവാസികളെ മാറ്റണമെന്ന് രേവദ് പറയുന്നു. അരിക്കൊമ്പന്‍റെ ആനത്താരയിലല്ല വീടുകൾ വയ്‌ക്കേണ്ടതെന്നും രേവദ് പറയുന്നു. ഇന്നലെ യാത്ര അവസാനിപ്പിച്ച രേവദ് കന്യാകുമാരിയിലേക്കാണ് ഇനി പോവുന്നത്. കന്യാകുമാരി കലക്ടറെ കണ്ട് അരിക്കൊമ്പനെ ചിന്നക്കനാലിലേക്ക് തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകാനാണ് തീരുമാനം. പോവുന്നതിന് മുൻപ് വനം മന്ത്രി എ കെ ശശീന്ദ്രനെ കണ്ടും നിവേദനം നൽകും. കാൽനട യാത്രയിൽ ഉടനീളം അരിക്കൊമ്പൻ പ്രേമികൾ തനിക്ക് സ്വീകരണം ഒരുക്കിയെന്നും രേവദ് പറയുന്നു.
മിഷന്‍ അരിക്കൊമ്പന്‍ തിരിഞ്ഞുനോട്ടം : അരിക്കൊമ്പനെ ഏപ്രില്‍ 29 നാണ് കേരള വനംവകുപ്പ് പിടികൂടി തമിഴ്‌നാട് അതിർത്തിയിലെ പെരിയാർ കടുവ സങ്കേതത്തില്‍ തുറന്നുവിട്ടത്. അവിടെ നിന്ന് കാടിറങ്ങി അതിർത്തി കടന്ന അരിക്കൊമ്പൻ തമിഴ്‌നാട്ടിലെത്തി കമ്പം ടൗണില്‍ ഭീതി സൃഷ്‌ടിച്ചിരുന്നു. ഇതിനെ തുടർന്നാണ് തമിഴ്‌നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി വീണ്ടും ഉൾക്കാട്ടിലേക്ക് മാറ്റിയത്.
അരിക്കൊമ്പനെ തമിഴ്‌നാട് - കേരള അതിർത്തി ജില്ലയായ കന്യാകുമാരിയിലെ അപ്പര്‍ കൊടയാർ വനത്തിലാണ് തുറന്നുവിട്ടത്. തുമ്പിക്കൈക്ക് പരിക്കേറ്റ ആനയ്‌ക്ക് ചികിത്സ നൽകിയതിന് ശേഷമായിരുന്നു വന മേഖലയിലേക്ക് തുറന്നുവിട്ടത്. അപ്പര്‍ കൊടയാർ വനത്തിലെ പുതിയ ആവാസ വ്യവസ്ഥയുമായി അരിക്കൊമ്പന് വേഗത്തില്‍ പൊരുത്തപ്പെടാനാകുമെന്ന് തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചിരുന്നു. ധാരാളം വെള്ളവും തീറ്റയും ലഭിക്കുന്ന വനമേഖലയായതുകൊണ്ട് തന്നെ ജനവാസ മേഖലകളിലേക്ക് ആന തിരികെയെത്താനുള്ള സാധ്യത വിരളമാണെന്നും വനം വകുപ്പ് വ്യക്‌തമാക്കിയിരുന്നു.
മുമ്പ് ഹര്‍ജിയും : ഇതിനിടെ അരിക്കൊമ്പനെ കേരളത്തിലേക്ക് തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി റെബേക്ക ജോസഫ് നൽകിയ ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്‍റെ ഫോറസ്‌റ്റ് ബഞ്ച് തള്ളിയിരുന്നു. ആനയെ എവിടെ വിടണമെന്ന് തീരുമാനിക്കേണ്ടത് വനം വകുപ്പാണെന്ന് പറഞ്ഞുകൊണ്ടാണ് കോടതി ഹർജി തള്ളിയത്. അരിക്കൊമ്പനെ അജ്ഞാതമായ സ്ഥലത്ത് തുറന്നുവിടുന്നതിന് പകരം അതിന് പരിചിതമായ മതികെട്ടാൻ ചോല ദേശീയോദ്യാനത്തിന്‍റെ അതിർത്തിയിലുള്ള തമിഴ്‌നാട് വനങ്ങളിലേക്ക് തുറന്നുവിടണമെന്നായിരുന്നു റെബേക്ക ജോസഫ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.
നേരത്തെ ഹർജിക്കാരിയെ ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ആനയെ അങ്ങോട്ടോ ഇങ്ങോട്ടോ വിടണമെന്ന് ഉത്തരവിടാൻ തങ്ങൾക്ക് കഴിയില്ലെന്നും ചില കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് അധികാരികളെന്നും പറഞ്ഞ കോടതി ഹർജി പ്രശസ്‌തിക്ക് വേണ്ടി മാത്രമാണെന്ന് വിമർശിക്കുകയും ചെയ്‌തു.