തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന് നേരെ യൂത്ത് ലീഗ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. കത്ത് വിവാദത്തിൽ മേയർ മുഖ്യമന്ത്രിയുടെ ഓഫിസിൽ നേരിട്ടെത്തി പരാതി നൽകി മടങ്ങുമ്പോഴായിരുന്നു യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. സെക്രട്ടറിയേറ്റിൽ നിന്ന് നൂറ് മീറ്റർ അകലെ പുന്നൻ റോഡിലെത്തിയപ്പോഴാണ് മേയറുടെ വാഹനത്തിന് നേരെ കരിങ്കൊടി കാട്ടിയത്.
അഞ്ചോളം പ്രവർത്തകരാണ് പ്രതിഷേധവുമായെത്തിയത്. പൊലീസെത്തി പ്രതിഷേധക്കാരെ നീക്കി. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നൽകാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും യൂത്ത് ലീഗ് അടക്കമുള്ള പ്രതിപക്ഷ സംഘടനകളുടെ കരിങ്കൊടി പ്രതിഷേധത്തെ തുടർന്ന് മേയർ ക്ലിഫ് ഹൗസിലേക്കുള്ള യാത്ര ഒഴിവാക്കുകയായിരുന്നു.
പകരം മുഖ്യമന്ത്രിയെ ഏൽപ്പിക്കാനുള്ള പരാതി അദ്ദേഹത്തിന്‍റെ ഓഫിസിലെത്തി കൈമാറി. തുടർന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ ആരോഗ്യമേഖലയിലെ ഒഴിവുകളിലേക്ക് മുൻഗണന ലിസ്റ്റ് ആവശ്യപ്പെട്ട് താന്‍ കത്ത് നല്‍കിയിട്ടില്ലെന്ന് ആര്യ രാജേന്ദ്രന്‍ പറഞ്ഞു. കത്ത് തയാറാക്കുകയോ താന്‍ ഒപ്പിടുകയോ ചെയ്‌തിട്ടില്ലെന്നും മേയർ വ്യക്തമാക്കി.
READ MORE:'കത്ത് തയാറാക്കുകയോ ഒപ്പിടുകയോ ചെയ്‌തിട്ടില്ല'; നിയമന വിവാദത്തിൽ പ്രതികരിച്ച് മേയർ ആര്യ രാജേന്ദ്രൻ