തിരുവനന്തപുരം: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ മര്‍ദനമേറ്റ യുവാവ് മരിച്ചു. ശ്രീകാര്യം അമ്പാടി നഗര്‍ സ്വദേശി സാജു (39) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം.
കട്ടേലയിലുള്ള സുഹൃത്തുക്കള്‍ക്കൊപ്പം കഴിഞ്ഞ ദിവസം മദ്യപിക്കുന്നതിനായി സാജു ഒത്തുകൂടിയിരുന്നു. മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ സാജുവിന്‍റെ മൊബൈല്‍ഫോണ്‍ ബലമായി പിടിച്ചുവാങ്ങി. ഇത് തിരികെ വാങ്ങാന്‍ ശ്രമിക്കവെ സാജുവും രണ്ട് സുഹൃത്തുക്കളുമായി തര്‍ക്കമായി.
തര്‍ക്കത്തിനിടെ കല്ലും തടി കഷണങ്ങളും ഉപയോഗിച്ച് സാജുവിനെ ഇവര്‍ മര്‍ദിച്ചു. തുടര്‍ന്ന് മര്‍ദനത്തില്‍ അവശനായ സാജുവിനെ വഴിയിലുപേക്ഷിച്ച് ഇവര്‍ കടന്നുകളയുകയായിരുന്നു. കട്ടേല ഹോളിട്രിനിറ്റി സ്‌കൂളിന് സമീപത്തായിരുന്നു സംഭവം.
പുലര്‍ച്ചെ രണ്ട് മണിയോടെ നാട്ടുകാരാണ് വഴിയരികില്‍ അവശനായി കിടന്നിരുന്ന സാജുവിനെ കുറിച്ചുള്ള വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തി ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.