തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്തുവിടണമെന്ന് എഴുത്തുകാരൻ ടി പത്മനാഭൻ. ഇതിലും വലുത് തരണം ചെയ്‌ത സർക്കാർ വിചാരിച്ചാൽ തരണം ചെയ്യാൻ കഴിയാത്തതാണ് ഇതെന്ന് കരുതുന്നില്ലെന്നും റിപ്പോർട്ട് പുറത്തു വിട്ടില്ലെങ്കിൽ ഭാവികേരളം മാപ്പ് നൽകില്ലെന്നും ടി.പത്മനാഭൻ പറഞ്ഞു. രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിൽ വിശിഷ്‌ടാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹേമ കമ്മിറ്റി റിപ്പോർട്ട് വെളിച്ചം കാണണം. ഇത്തരം പ്രവർത്തികൾ ചെയ്‌ത് അധികകാലം ആർക്കും താരചക്രവർത്തിമാരായി വാഴാൻ കഴിയില്ല. നടി ഭാവനയെ ഐഎഫ്എഫ്കെയുടെ ഉദ്ഘാടനച്ചടങ്ങിൽ എത്തിച്ച ചലച്ചിത്ര അക്കാദമിയെ അഭിനന്ദിക്കുന്നുവെന്നും ടി.പത്മനാഭൻ പറഞ്ഞു.
ഐഎഫ്എഫ്കെയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വർഷമാണിത്. അപരാജിതയായ ആ പെൺകുട്ടിയെ ഐഎഫ്എഫ്കെയുടെ ഉദ്ഘാടന വേദിയിൽ എത്തിച്ചത് കൊണ്ട് ഇത് സ്ത്രീകളുടെ വിജയം ഉദ്ഘോഷിക്കുന്ന മേളയാണ്. തെറ്റ് ചെയ്‌തവർ എത്ര വലിയ ആളായാലും ദാക്ഷിണ്യം അർഹിക്കുന്നില്ലെന്നും ശിക്ഷിക്കപ്പെടണമെന്നും ടി.പത്മനാഭൻ പറഞ്ഞു.
അന്താരാഷ്ട്ര വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം കോസ്റ്റാറിക്കൻ സിനിമ ക്ലാര സോള നേടി. കമില കംസ് ഔട്ട് ടുനൈറ്റ് സംവിധാനം ചെയ്‌ത ഐൻസ് ബാരിയോനുവോ മികച്ച സംവിധാനത്തിനുള്ള രജതചകോരം നേടി. മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം കൂഴങ്കൾ നേടി.
Also Read: ഐ.എഫ്.എഫ്.കെ: ഇടിവി ഭാരതിന് പ്രത്യേക ജൂറി പുരസ്‌കാരം