തിരുവന്തപുരം: പ്രശസ്‌ത എഴുത്തുകാരൻ ഡോ. എസ് വി വേണുഗോപന്‍ നായർ (77) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്‌ച(23.08.2022) രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
സാധാരണക്കാരന്‍റെ ഭാഷയിൽ കഥകളെഴുതിയ മഹാനായ സാഹിത്യകാരനായിരുന്നു അദ്ദേഹം. പുരാതന കൃതികളായാലും ആധുനിക സാഹിത്യ കൃതികളായാലും അവയൊക്കെ കുഞ്ഞു കുട്ടികൾക്ക് പോലും പരിചയപ്പെടുത്തുന്ന തരത്തിൽ സംവദിക്കാൻ കഴിയുന്നതായിരുന്നു അദ്ദേഹത്തിന്‍റെ എഴുത്തുകൾ. 1945 ഏപ്രിൽ 18 ന് നെയ്യാറ്റിൻകര താലൂക്കിലെ കാരോട് ദേശത്താണ് ജനനം.
മികച്ച അധ്യാപകനായ പി.സദാശിവൻ തമ്പിയുടെയും ജെ.വി. വിശാലാക്ഷിയമ്മയുടെയും മകനാണ്. മലയാള സാഹിത്യത്തിൽ നിരവധി ബിരുദങ്ങളും ഡോക്‌ടറേറ്റും നേടിയിട്ടുണ്ട്. നിരവധി കോളജുകളിൽ അധ്യാപകനായും പ്രിൻസിപ്പലായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.
ഇടശ്ശേരി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, അബുദാബി ശക്തി പുരസ്‌കാരം, പത്മരാജൻ പുരസ്‌കാരം എന്നിങ്ങനെ നിരവധി അവാർഡുകൾ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. രേഖയില്ലാത്ത ഒരാൾ, ഭൂമിപുത്രന്‍റെ വഴി, വീടിന്‍റെ നാനാർഥം, ബന്ധനസ്ഥനായ അനിരുദ്ധൻ, ഹാസ്യം എന്നിവ പ്രധാന കൃതികളാണ്. മികച്ച ചെറുകഥകൾ കൊണ്ട് മലയാള സാഹിത്യത്തെ സമ്പുഷ്‌ടമാക്കിയ എഴുത്തുകാരൻ കൂടിയാണ് വേണുഗോപന്‍ നായർ.