തിരുവനന്തപുരം: സംസ്ഥാനത്തെ മാലിന്യ സംസ്‌കരണത്തിന് ലോകബാങ്ക് സഹായം. ബ്രഹ്മപുരം തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിദഗ്‌ധരുടെ പങ്കാളിത്തത്തോടെ കേരളത്തിൽ മാലിന്യ സംസ്‌കരണ പദ്ധതി ഊർജിതമാക്കാനാണ് സഹായം നൽകാമെന്ന് ലോകബാങ്ക് അറിയിച്ചത്. ലോകബാങ്ക് അധികൃതർ മുഖ്യമന്ത്രി പിണറായി വിജയനുമായി ചേമ്പറിൽ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് തീരുമാനം.
സംസ്ഥാനത്തെ മാലിന്യനിക്ഷേക കേന്ദ്രങ്ങളിൽ ഡ്രോൺ സർവേ ഉടൻ നടത്താൻ ചർച്ചയിൽ ധാരണയായി. ബ്രഹ്മപുരം തീപിടിത്തത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് വിദഗ്‌ധ സഹായവും വായ്‌പയും ലോകബാങ്ക് വാഗ്‌ദാനം ചെയ്യുകയായിരുന്നു. ലോകബാങ്ക് പദ്ധതിയായ കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്‍റിന്‍റെ പണം സംസ്ഥാനത്ത് അടിയന്തരമായി ഉപയോഗിക്കുന്നതിനുള്ള സന്നദ്ധതയും ചർച്ചയിൽ അറിയിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
മാലിന്യനിക്ഷേപ കേന്ദ്രങ്ങളിൽ ഫയർ ഓഡിറ്റ്: ഇന്‍റർനാഷണൽ സോളിഡ് വേസ്റ്റ് അസോസിയേഷനിലെ (ഐഎസ്‌ഡബ്ല്യുഎ) വിദഗ്‌ധരുടെ സേവനവും അനുവദിക്കും. ലോകബാങ്ക് സംഘം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയേയും സെക്രട്ടറിയേയും കണ്ട് ഭാവി പരിപാടികൾക്ക് രൂപം നൽകും. ഡ്രോൺ സർവേയെ തുടർന്ന് മാലിന്യനിക്ഷേപ കേന്ദ്രങ്ങളിൽ ഫയർ ഓഡിറ്റ് നടത്തും. അന്താരാഷ്ട്ര വിദഗ്‌ധരുടെ സഹായത്തോടെ തുടർനടപടികൾ സ്വീകരിക്കാനും സന്നദ്ധമാണെന്ന് ലോക ബാങ്ക് ടീം അറിയിച്ചു.
ഇതിന് പ്രത്യേക പദ്ധതി നിർവഹണ വിഭാഗം ആരംഭിക്കുന്നത് ഉചിതമാകുമെന്ന ലോകബാങ്ക് ടീമിന്‍റെ അഭിപ്രായം മുഖ്യമന്ത്രി അംഗീകരിച്ചു. കൂടിക്കാഴ്ച്ചയിൽ ലോകബാങ്ക് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് മാനേജർ അബ്ബാസ് ജാ, ദീപക് സിങ്, കരൺ മൻഗോത്ര, യെഷിക, ആഷ്‌ലി പോപിൾ, വാണി റിജ്‌വാനി, പൂനം അഹ്‌ലുവാലിയ, സോണി തോമസ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെഎം അബ്രഹാം, ഓഫിസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ഡോ. എസ്. കാർത്തികേയൻ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദ മുരളീധരൻ, തുടങ്ങിയവർ പങ്കെടുത്തു.
ALSO READ| ബ്രഹ്മപുരം തീപിടിത്തം : കൊച്ചി കോര്‍പറേഷന് 100 കോടി രൂപ പിഴയിട്ട് ദേശീയ ഹരിത ട്രിബ്യൂണൽ
13 ദിവസത്തെ പ്രവര്‍ത്തനത്തിന് ഒടുവിലാണ് ബ്രഹ്മപുരത്ത് തീയണക്കാന്‍ കഴിഞ്ഞത്. കൊച്ചി കോര്‍പ്പറേഷനേയും സംസ്ഥാന സര്‍ക്കാരിനേയും വന്‍ തോതില്‍ പ്രതിരോധത്തിലാക്കിയിരുന്നു ഈ വിഷയം. ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യം കത്തുകയും അന്തരീക്ഷത്തിലേക്ക് വിഷപ്പുക പടരുകയും ചെയ്‌തത് പ്രദേശത്ത് ആളുകള്‍ക്ക് വലിയ പ്രതിസന്ധി സൃഷ്‌ടിച്ചിരുന്നു. മനുഷ്യനും പ്രകൃതിക്കും ദീർഘകാല അടിസ്ഥാനത്തിൽ ഗുരുതരമായ പ്രത്യാഘാതം സൃഷ്‌ടിക്കുമെന്നാണ് വിഷയത്തില്‍ വിദഗ്‌ധരുടെ വിലയിരുത്തല്‍.
'കോര്‍പ്പറേഷന്‍ കൃത്യവിലോപം തുടര്‍ന്നു': ബ്രഹ്മപുരം തീപിടിത്തത്തില്‍ കൊച്ചി കോര്‍പ്പറേഷന് 100 കോടി രൂപ ദേശീയ ഹരിത ട്രിബ്യൂണൽ (എൻജിടി) പിഴയിട്ടത് വലിയ വാര്‍ത്തയായിരുന്നു. പാരിസ്ഥിതിക നഷ്‌ടപരിഹാരം ചൂണ്ടിക്കാട്ടിയാണ് എൻജിടിയുടെ നടപടി. തീപിടിത്തം ഉണ്ടായിട്ടും കൊച്ചി കോര്‍പ്പറേഷന്‍ കൃത്യവിലോപം തുടര്‍ന്നുവെന്നും നടപടി സ്വീകരിച്ചുകൊണ്ടുള്ള കുറിപ്പില്‍ ദേശീയ ഹരിത ട്രിബ്യൂണൽ ചൂണ്ടിക്കാട്ടി.
തീപിടിത്തത്തെ തുടർന്ന് ട്രിബ്യൂണൽ സ്വമേധയാ എടുത്ത കേസിലാണ് ഈ ഉത്തരവ്. എംകെ ഗോയൽ അധ്യക്ഷനായ ട്രിബ്യൂണലിന്‍റെ പ്രിൻസിപ്പൽ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഒരാഴ്‌ചയ്ക്കുള്ളിൽ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് മുന്‍പാകെ പിഴയടക്കണം എന്നാണ് നിര്‍ദേശം. എന്നാൽ, ഉത്തരവിനെ കോർപ്പറേഷന് നിയമപരമായി മേൽക്കോടതികളിൽ ചോദ്യം ചെയ്യാൻ സാധിക്കും.