തിരുവനന്തപുരം: തൊഴിൽ തർക്കത്തെ തുടർന്ന് വേളി ടൂറിസ്റ്റ് വില്ലേജിലെ മിനിയേച്ചർ റെയിൽ പ്രോജക്റ്റിന്‍റെ കോച്ചുകളും എൻജിനും ലോറിയിൽ നിന്ന് ഇറക്കാൻ സമ്മതിക്കാതെ തൊഴിലാളികൾ.
15 ടൺ ഭാരമുള്ള കോച്ചുകൾ ക്രെയിൻ ഉപയോഗിച്ച് ഇറക്കാനുള്ള ശ്രമമാണ് തൊഴിലാളികൾ തടഞ്ഞത്. അതേസമയം തൊഴിലാളികൾ നോക്കുകൂലി ആവശ്യപ്പെടുകയാണെന്ന് പദ്ധതിയുടെ നിർമ്മാണച്ചുമതലയുള്ള ഊരാളുങ്കൽ സൊസൈറ്റി ആരോപിച്ചു. ഒൻപത് കോടിയുടെ മിനിയേച്ചർ റെയിൽ പദ്ധതി അവസാനഘട്ടത്തിലാണ്. ബെംഗളൂരിൽ നിന്നും എത്തിച്ച എൻജിനും മൂന്ന് കോച്ചുകളും സംയുക്ത ട്രേഡ് യൂണിയന്‍റെ എതിർപ്പിനെത്തുടർന്ന് ലോറിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.
പ്രശ്നം ഒത്തുതീർപ്പാക്കാൻ ലേബർ ഓഫീസറുടെ മധ്യസ്ഥതയിൽ ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. അന്യായമായ ആവശ്യമാണ് തൊഴിലാളികളുടേതെന്നാണ് കമ്പനി ചൂണ്ടിക്കാട്ടുന്നത്. അനുകൂല തീരുമാനം ഉണ്ടാകാത്ത പക്ഷം കോച്ചുകൾ ഇറക്കാൻ അനുവദിക്കില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. ജില്ലാ ലേബർ ഓഫീസറുടെ മധ്യസ്ഥതയിൽ ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാൻ ശംഖുമുഖം എസിപി ഐശ്വര്യ ഡോംഗ്രേ നിർദേശിച്ചു.