തിരുവനന്തപുരം : കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെ ഓശാന പെരുന്നാളിനോട് അനുബന്ധിച്ചുള്ള വിശുദ്ധ വാരാചരണത്തിന് നാളെ തുടക്കമാകും. ക്രിസ്‌തീയ ദേവാലയങ്ങളില്‍ നിയന്ത്രണങ്ങളോടെയാകും പ്രത്യേക കുര്‍ബാന ചടങ്ങുകള്‍ നടക്കുക. അഞ്ച് പേരെ മാത്രം ഉള്‍പ്പെടുത്തി അടച്ചിട്ട ദേവാലയത്തിലാകും പ്രാർഥന ചടങ്ങുകള്‍ നടത്തുക. അതേ സമയം കൊവിഡിനെ തുടർന്ന് ഓശാന ഞായര്‍ ദിവസത്തിലെ കുരുത്തോല പ്രദക്ഷിണം ഒഴിവാക്കി. വിശുദ്ധ വാരത്തിലെ തിങ്കളാഴ്‌ച ദിവസം നടത്താറുള്ള തൈല പരികര്‍മ പൂജയും ശിഷ്യന്മാരൊന്നിച്ചുള്ള അന്ത്യാത്താഴ ചടങ്ങും കാല്‍കഴുകള്‍ ശുശ്രൂഷയും ഒഴിവാക്കിയുട്ടുണ്ട്.
ദു:ഖവെള്ളിയുടെയും ഉയിര്‍പ്പ് ഞായറിന്‍റെയും അനുസ്‌മരണ ചടങ്ങുകള്‍ ദേവാലയത്തിനുള്ളില്‍ മാത്രമായി മിതപ്പെടുത്താനും വിവിധ സഭകള്‍ തീരുമാനിച്ചു. ഈസ്റ്ററിന്‍റെ തിരു കര്‍മ്മങ്ങളും ദേവാലത്തിനുള്ളില്‍ മാത്രമാകും നടത്തപ്പെടുക. വിവിധ സഭകള്‍ ദു:ഖവെള്ളിയുടെ തിരുകര്‍മ്മങ്ങള്‍ക്കൊപ്പം വൈറസ് ബാധയില്‍ നിന്നും ലോകത്തെ രക്ഷിക്കാനുള്ള പ്രത്യേക പ്രാര്‍ഥനയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.