തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വാരന്ത്യ നിയന്ത്രണം രാത്രി 12 മണി മുതല്‍ പ്രാബല്യത്തില്‍. കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണങ്ങളാകും ഏര്‍പ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രോഗവ്യാപനം കുറക്കാന്‍ സ്വീകരിക്കുന്ന നടപടികളോട് ജനങ്ങള്‍ പൂര്‍ണമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ഞായറാഴ്ച രാത്രി 12 മണിവരെയാണ് നിയന്ത്രണങ്ങള്‍.
കൂടുതല്‍ വായിക്കുക......ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം: തിരുവനന്തപുരം ഡെപ്യൂട്ടി കമ്മിഷണര്‍
നിയന്ത്രണങ്ങള്‍ ഇങ്ങനെ....
- ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകളുമായി ബന്ധപ്പെട്ടും അടിയന്തര ആവശ്യങ്ങള്‍ക്കും മാത്രമേ ആളുകള്‍ പുറത്തിറങ്ങാന്‍ പാടുള്ളൂ.
- ഭക്ഷ്യവസ്തുക്കള്‍, പലചരക്ക് സാധനങ്ങള്‍, പച്ചക്കറി, പഴങ്ങള്‍, പാല്‍, മത്സ്യം, മാസം തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ക്കു പ്രവര്‍ത്തിക്കാം. ആളുകള്‍ പുറത്തിറങ്ങുന്ന സാഹചര്യം കുറയ്ക്കുന്നതിനായി സാധനങ്ങളുടെ ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം.
- ടേക്ക് എവേ, പാഴ്സല്‍ സേവനങ്ങള്‍ക്കു മാത്രമേ ഹോട്ടലുകളും റസ്റ്റോറന്‍റുകള്‍ തുറക്കാന്‍ പാടുള്ളൂ.
- റവന്യൂ, ഇലക്ഷന്‍, ആരോഗ്യം, കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, മാധ്യമങ്ങള്‍ തുടങ്ങി അവശ്യ സര്‍വീസുകളിലെ ജീവനക്കാര്‍ക്ക് യാത്രാ നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല.
- പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് നിയന്ത്രണങ്ങളുണ്ടാകില്ല.
- നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ജോലികള്‍ക്ക് നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ പരിശീലനം തടസമില്ലാതെ നടക്കും. എല്ലാ ജീവനക്കാരും അവരവരുടെ പരിശീലന കേന്ദ്രങ്ങളില്‍ എത്തണം. ഇവര്‍ക്ക് യാത്രാ നിയന്ത്രണങ്ങളുണ്ടാകില്ല. എല്ലാ ജീവനക്കാരും അവരുടെ പോസ്റ്റിങ് ഓര്‍ഡറും തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമായും കൈയില്‍ കരുതണം.
- എല്ലാ ബീച്ചുകളും, പാര്‍ക്കുകളും, മൃഗശാല, മ്യൂസിയം തുടങ്ങിയ സ്ഥലങ്ങളും അടച്ചിടും.
- അടിയന്തര ആവശ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കേണ്ടതുമായ വ്യവസായ സ്ഥാപനങ്ങള്‍, കമ്പനികള്‍ തുടങ്ങിയവക്ക് പ്രവര്‍ത്തിക്കാം. ഇത്തരം സ്ഥാപനങ്ങളിലെ ജോലിക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും കൈയില്‍ കരുതണം.
- ടെലികോം, ഇന്‍റര്‍നെറ്റ് സേവനദാതാക്കള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരും തിരിച്ചറില്‍ കാര്‍ഡ് നിര്‍ബന്ധമായി കൈയില്‍ കരുതണം. ഐടി സ്ഥാപനങ്ങള്‍ അത്യാവശ്യ ജീവനക്കാരെ മാത്രം ജോലിക്ക് ഓഫിസില്‍ നിയോഗിക്കണം.
- ദീര്‍ഘദൂര ബസ് സര്‍വീസുകള്‍, ട്രെയിനുകള്‍, വിമാനയാത്രകള്‍ എന്നിവ അനുവദനീയമാണ്. വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, ബസ് ടെര്‍മിനലുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള പൊതുഗതാഗതം, ചരക്കു വാഹനങ്ങള്‍, സ്വകാര്യ വാഹനങ്ങള്‍, ടാക്സികള്‍ എന്നിവ അനുവദിക്കും. സാധുവായ യാത്രാ രേഖകളും ടിക്കറ്റുകളും കാണിച്ചാല്‍ മാത്രമേ ഇവിടങ്ങളിലേക്കുള്ള സഞ്ചാരം അനുവദിക്കൂ.
- കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിവാഹങ്ങള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും അനുവാദമുണ്ടാകുമെങ്കിലും കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.