തിരുവനന്തപുരം: വെബ്‌സൈറ്റ് പണിമുടക്കിയ സാഹചര്യത്തില്‍ പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്‍റിലെ തിരുത്തലിനുള്ള സമയപരിധി നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. നാളെ(31.07.2022) വൈകിട്ട് അഞ്ച് മണി വരെ അനുവദിച്ച സമയം നീട്ടണമെന്നാണ് ആവശ്യം. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്‍റ് നിശ്ചയിച്ചതിലും നേരത്തെ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചതാണ് പ്രശ്‌നത്തിന് കാരണമായത്.
അലോട്ട്‌മെന്‍റ് പരിശോധിക്കാന്‍ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ വെബ്‌സൈറ്റില്‍ കയറിയത് സൈറ്റ് ഹാങ് ആകാന്‍ കാരണമായി. ഇതോടെ പലര്‍ക്കും അലോട്ട്‌മെന്‍റ് പരിശോധിക്കാനായില്ല. ഇന്നലെ(29.07.2022) വൈകിട്ടോടെ പ്രശ്‌നം പരിഹരിച്ചുവെന്നാണ് ഹയര്‍സെക്കന്‍ഡറി ഐടി വിഭാഗത്തിന്‍റെ വിശദീകരണമെങ്കിലും വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്.
നാളെ വൈകിട്ട് അഞ്ച് വരെയാണ് അപേക്ഷയില്‍ തിരുത്തല്‍ വരുത്താനും ഓപ്‌ഷനുകള്‍ പുനക്രമീകരിക്കാനുമുള്ള സമയപരിധി. നിലവിലെ സാഹചര്യത്തില്‍ ഇത് നീട്ടണമെന്നാണ് ആവശ്യം. 4.71 ലക്ഷത്തോളം അപേക്ഷകരാണ് ആകെ ഉള്ളത്. ഇതില്‍ 2,42,809 പേര്‍ ട്രയല്‍ അലോട്ട്‌മെന്‍റില്‍ ഇടം നേടി.
1,09,001 പേര്‍ക്ക് ആദ്യ ഓപ്‌ഷനായി നല്‍കിയ സ്‌കൂളില്‍ തന്നെ അഡ്‌മിഷന്‍ ലഭിച്ചു. ഓഗസ്റ്റ് മൂന്നിന് ആദ്യ അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്. ട്രയല്‍ റിസള്‍ട്ട് പരിശോധിക്കുന്നതിനായി ഒരുക്കിയിരുന്ന പോര്‍ട്ടലിന്‍റെ നാല് സെര്‍വറുകളിലും ഒരേസമയം ഒരു ലക്ഷത്തില്‍ കൂടുതല്‍ പേര്‍ പ്രവേശിച്ചതിനാലാണ് തടസം നേരിട്ടതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഡാറ്റ സെന്‍റര്‍, ഐടി മിഷന്‍, എന്‍.ഐ.സി അധികൃതര്‍ എന്നിവര്‍ കൂടുതല്‍ സെര്‍വറുകള്‍ ഒരുക്കി പ്രശ്‌നം പരിഹരിച്ചിട്ടുണ്ട്. ശനിയാഴ്‌ച രാവിലെ 11.50 വരെ 1,76,076 പേര്‍ റിസള്‍ട്ട് പരിശോധിക്കുകയും അതില്‍ 47,395 പേര്‍ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുകയും ചെയ്‌തിട്ടുണ്ട്. അര്‍ഹതയുള്ള എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഈ മാസം 22 ന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങാനാണ് തീരുമാനം.