തിരുവനന്തപുരം : കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിനായി അപേക്ഷ നല്‍കുന്നതിനുള്ള വെബ്‌സൈറ്റ് സജ്ജമായി. www.relief.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അപേക്ഷകര്‍ ആവശ്യമായ രേഖകള്‍ കൂടി സമര്‍പ്പിക്കണം.
മരണപ്പെട്ടവരുടെ അടുത്ത ബന്ധുവാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ അപേക്ഷകര്‍ സമര്‍പ്പിച്ച രേഖകളും വസ്തുതയും പരിശോധിച്ച് ജില്ല ദുരന്ത നിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് കൈമാറും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അപേക്ഷ പരിശോധിച്ച് അന്തിമ അംഗീകാരം നല്‍കും.
ALSO READ : തൃശൂരില്‍ ബൈക്ക് അപകടം; പത്താം ക്ലാസുകാരി മരിച്ചു
പരിശോധനക്ക് ശേഷം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 50,000 രൂപയും കൊവിഡ് ബാധിച്ച മരണപ്പെടുന്ന വ്യക്തിയെ ആശ്രയിച്ചു കഴിയുന്ന ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 36 മാസക്കാലത്തേക്ക് പ്രതിമാസം 5000 രൂപയും ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും. സമര്‍പ്പിച്ച അപേക്ഷയുടെ തൽസ്ഥിതി പരിശോധിക്കാനുള്ള സംവിധാനവും വൈബ്‌സൈറ്റില്‍ ലഭ്യമാകും.
സമര്‍പ്പിക്കേണ്ട രേഖകള്‍
- കൊവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ മരണ സര്‍ട്ടിഫിക്കറ്റ്
- അപേക്ഷകന്‍റെ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍
- അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് ലഭ്യമാണെങ്കില്‍ അതിന്‍റെ പകര്‍പ്പ്