തിരുവനന്തപുരം : സംസ്ഥാനത്ത് 5 ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് നവംബര്‍ 10 വരെ വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നും പ്രവചനമുണ്ട് (kerala Weather Update).
സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപുകള്‍ക്ക് ചേര്‍ന്നുള്ള സമുദ്ര മേഖലയില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.
എന്നാല്‍ മത്സ്യബന്ധനത്തിന് നിരോധനമേര്‍പ്പെടുത്തിയിട്ടില്ല. കേരള തീരത്ത് 1 മുതല്‍ 1.7 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകള്‍ക്കും സാധ്യതയുണ്ട്. തിരത്തോട് ചേര്‍ന്ന് കടല്‍ പ്രക്ഷുബ്‌ധമാകാനും സാധ്യതയുള്ളതായി സമുദ്ര സ്ഥിതി പഠന കേന്ദ്രം മുന്നറിയിപ്പ് നൽകി. ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇടിമിന്നല്‍ ശ്രദ്ധിക്കേണ്ടത് : ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടു കഴിഞ്ഞാലുടന്‍ സുരക്ഷിതമായ കെട്ടിടത്തിലേക്കു മാറേണ്ടതാണ്. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക.
ജനലിനും വാതിലിനും അടുത്തു നില്‍ക്കാതിരിക്കുക. പരമാവധി ഭിത്തിയിലോ തറയിലോ സ്‌പര്‍ശിക്കാതെ പരമാവധി കെട്ടിടത്തിനകത്തു തന്നെയിരിക്കുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുക. ഇടിമിന്നല്‍ സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
അതേസമയം അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും കുട്ടികള്‍ ഉള്‍പ്പെടെ കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ളപ്പോള്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യരുത്. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്തു തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടരുത്, വാഹനത്തിനുള്ളില്‍ യാത്രക്കാര്‍ സുരക്ഷിതരായിരിക്കും.
സൈക്കിള്‍, ബൈക്ക്, ട്രാക്‌ടര്‍ യാത്രകള്‍ ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ളപ്പോള്‍ തുണി എടുക്കാന്‍ ടെറസിലോ മുറ്റത്തോ പോകരുത്. കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്‌തുക്കള്‍ കെട്ടിവയ്ക്കുക.
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക, പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം. ഇടിമിന്നല്‍ സമയത്ത് ജലാശയങ്ങളില്‍ കുളിക്കുന്നതിനോ മീന്‍ പിടിക്കുന്നതിനോ ഇറങ്ങാന്‍ പാടില്ല. ഇടിമിന്നലുള്ളപ്പോള്‍ ബോട്ടിന്‍റെ ഡെക്കില്‍ നില്‍ക്കരുത്. ഇടിമിന്നലുള്ളപ്പോള്‍ മൃഗങ്ങളെ തുറസായ സ്ഥലങ്ങളില്‍ കെട്ടിയിടരുത്.
ALSO READ:കടുത്തുരുത്തിയിൽ ശക്തമായ ഇടിമിന്നൽ : ആറ് വീടുകൾക്ക് കേടുപാടുകൾ, കോൺക്രീറ്റ് റോഡിൽ ഗർത്തം