തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. എറണാകുളം, പത്തനംതിട്ട, തൃശൂർ, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കടല്‍ പ്രക്ഷുബ്‌ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല.
കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലും കാറ്റോട് കൂടിയ മഴയുമുണ്ടാകും. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റാകും വീശുക. എന്നാല്‍ വരും ദിവസങ്ങളില്‍ മഴ ദുര്‍ബലമാകാനാണ് സാധ്യത.
മെയ് 6 മുതൽ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും മുന്നറയിപ്പുണ്ട്. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കാനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേ സമയം തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ചെറിയ തോതിലുള്ള മഴയാകും പെയ്യുക.
തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ രാത്രിയും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ പെയ്‌തിരുന്നു. വേനല്‍ മഴ അപ്രതീക്ഷിതമായി എത്തിയതോടെ നിരവധിയിടങ്ങളില്‍ മരക്കൊമ്പുകള്‍ ഒടിഞ്ഞു വീഴുന്ന സാഹചര്യമുണ്ടായിരുന്നു. കൂടാതെ ജില്ലയിലെ ഹൈറേഞ്ച് ടൂറിസ്‌റ്റ് കേന്ദ്രമായ പൊന്മുടിയില്‍ സഞ്ചാരികളുടെ തിരക്കും വര്‍ദ്ധിച്ചിരിക്കുകയാണ്. കനത്ത ചൂടില്‍ സംസ്ഥാനം ചുട്ടുപൊള്ളുന്നതിനിടെ ആശ്വാസമായാണ് വേനല്‍ മഴയെത്തിയത്.
ജാഗ്രത വേണം: വേനല്‍ മഴ ലഭിക്കുന്നതിനാല്‍ സംസ്ഥാനത്തെ ചൂടിന് ചെറിയ ആശ്വാസം ലഭിക്കും. എന്നാല്‍ മഴ മാറിയാല്‍ ചൂട് നിലനില്‍ക്കുമെന്നതിനാല്‍ കാലാവസ്ഥയ്ക്ക് അനുസരിച്ച് ആരോഗ്യ സംരക്ഷണം അടിയന്തരമായി പരിഗണിക്കേണ്ട ഒന്നാണ്. വേനല്‍ ചൂടും അമിത വിയര്‍പ്പും നമ്മുടെ ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടാക്കുന്നതിനാല്‍ ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. ദിവസവും 2-3 ലിറ്റര്‍ വെള്ളം കുടിക്കേണ്ടത് ഏറെ അത്യാവശ്യമാണ്. ശരീര താപനില വ്യതിയാനങ്ങളുമായി വേഗത്തില്‍ പൊരുത്തപ്പെടാത്ത അവസ്ഥയില്‍ ഉഷ്‌ണാഘാതം ഉണ്ടാകാം. ഈ സാഹചര്യത്തില്‍ വെയിലത്ത് ഇറങ്ങുന്നത് ശ്രദ്ധയോടെ വേണം.
വേനല്‍ക്കാലത്ത് കട്ടികുറഞ്ഞ അയഞ്ഞ വസ്ത്രങ്ങള്‍ മാത്രം ധരിക്കുന്നത് ശരീര താപനില നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുന്നു. സൂര്യപ്രകാശത്തില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കാന്‍ പുറത്തിറങ്ങുമ്പോള്‍ 99 ശതമാനം അള്‍ട്രാ വയലറ്റ് കിരണങ്ങളെ പ്രതിരോധിക്കുന്ന സണ്‍ഗ്ലാസുകള്‍ ധരിക്കുന്നത് സഹായകരമാകും.