തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ വി.എസ്.അച്യുതാനന്ദന്‍ ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷപദം രാജിവച്ചു. രാജി കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. അധ്യക്ഷ സ്ഥാനം രാജിവച്ച കാര്യം പത്രക്കുറിപ്പിലൂടെ വി.എസ് തന്നെയാണ് അറിയിച്ചത്. ഇതുവരെ കമ്മിഷന്‍ 11 റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും മൂന്നെണ്ണത്തിന്‍റെ പ്രിന്‍റിങ് ജോലികള്‍ അവസാന ഘട്ടത്തിലാണെന്നും വി.എസ് അറിയിച്ചു. സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ സര്‍ക്കാരിന്‍റെ തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയും വി.എസ് പങ്കുവച്ചു.
ആരോഗ്യപരമായ കാരണങ്ങളാല്‍ തനിക്ക് അധ്യക്ഷനെന്ന നിലയില്‍ തുടരാനാകാതെ വന്നിരിക്കുന്നു. തലച്ചോറിലുണ്ടായ രക്‌ത പ്രവാഹത്തെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ കര്‍ശന നിബന്ധനകള്‍ക്ക് വിധേയനായി തുടരുന്നതിനാല്‍ യോഗങ്ങള്‍ നടത്താനോ ചര്‍ച്ചകള്‍ സംഘടിപ്പിക്കാനോ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് തന്‍റെ രാജിയെന്നാണ് പത്രക്കുറിപ്പില്‍ വി.എസ് വ്യക്തമാക്കുന്നത്. നാലര വര്‍ഷമായി ഈ സ്ഥാനത്ത് തുടരുന്നതിനിടെ പതിനൊന്ന് പഠന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. ഇതിനായി സംസ്ഥാനത്ത് ഉടനീളം സഞ്ചരിക്കുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്തു. നിരവധി സെമിനാറുകളും യോഗങ്ങളും നടത്തി. ഇത്തരം യോഗങ്ങളിലൂടെ ക്രോഡീകരിച്ച അഭിപ്രായങ്ങള്‍ ശാസ്ത്രീയ പഠനങ്ങള്‍ക്ക് വിധേയമാക്കിയാണ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയത്. രണ്ടു റിപ്പോര്‍ട്ടുകള്‍ കൂടി തയ്യാറാക്കിയിട്ടുണ്ട്. അതിന്‍റെ പ്രിന്‍റിങ് ജോലികള്‍ തീരുന്ന മുറയ്ക്ക് അതും സർക്കാരിന് സമര്‍പ്പിക്കും.
ഭരണപരിഷ്‌കാര കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ കൈക്കൊള്ളുന്ന തുടര്‍നടപടികളാണ് കമ്മിഷന്‍ ചെലവഴിച്ച തുകയുടെ മൂല്യം നിശ്ചയിക്കുക എന്ന് പത്രക്കുറിപ്പില്‍ വി.എസ് അറിയിച്ചു. 2016 സെപ്റ്റംബറിലാണ് വി.എസ് അച്യുതാനന്ദനെ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനായി നിയമിച്ചത്. മുന്‍ ചീഫ് സെക്രട്ടറിമാരായ സി.പി. നായര്‍, നീലാഗംഗാധരന്‍ എന്നിവര്‍ അംഗങ്ങളും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഷീലാ തോമസ് മെമ്പര്‍ സെക്രട്ടറിയുമായിരുന്നു.