തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ പോളിങ് ശതമാനം ഇനിയും ഉയര്‍ന്നേക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. പോസ്റ്റല്‍ വോട്ടുകള്‍ കൂടി കണക്കാക്കിയ ശേഷം ഇതു സംബന്ധിച്ച കൃത്യമായ കണക്കുകള്‍ പുറത്തു വിടുമെന്ന് കമ്മിഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തു വിട്ട 74.04 ശതമാനം എന്നത് ബൂത്തിലെത്തി നേരിട്ട് വോട്ട് രേഖപ്പെടുത്തിയവരാണ്. എന്നാല്‍ 80 വയസു കഴിഞ്ഞവര്‍ക്കും ഭിന്ന ശേഷിക്കാര്‍ക്കും കൊവിഡ് രോഗികള്‍ക്കുമുള്ള തപാല്‍ വോട്ട് ഇതിനൊപ്പം കണക്കാക്കിയിട്ടില്ല.
3.53 ലക്ഷം പേരാണ് ഇത്തരത്തില്‍ വീട്ടില്‍ വച്ച് തപാല്‍ വോട്ട് രേഖപ്പെടുത്തിയത്. ഇത് 1.28 ശതമാനം വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിലയിരുത്തുന്നു. ഇതു കൂടി ഉള്‍പ്പെടുത്തിയാല്‍ വോട്ടിംഗ് ശതമാനം 75.32 ആയി ഉയരും. ഇതിനു പുറമേ പോളിങ് ഡ്യൂട്ടിക്കു നിയോഗിച്ച ജീവനക്കാരുടെ തപാല്‍ വോട്ടും കണക്കിലെടുത്തിട്ടില്ല. മൂന്നര ലക്ഷത്തോളം ജീവനക്കാര്‍ക്ക് തപാല്‍ വോട്ടുള്ളതില്‍ മൂന്നു ലക്ഷത്തോളം പേര്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ് വിവരം. 57,160 സര്‍വീസ് വോട്ടുകള്‍ വേറെയുമുണ്ട്. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ ആകെ വോട്ട് കഴിഞ്ഞ തവണത്തെ 77.35 ശതമാനത്തിലെത്തിയേക്കുമെന്നാണ് വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തു വിട്ട അന്തിമ കണക്കുകള്‍ പ്രകാരം സംസ്ഥാനത്താകെ 2.46 കോടി വോട്ടര്‍മാരാണുള്ളത്.