തിരുവനന്തപുരം : അരുവിക്കരയിലെ സി.പി.എം സ്ഥാനാര്‍ഥി ജി. സ്റ്റീഫന്‍റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ലെന്ന ആരോപണത്തില്‍ വി.കെ മധുവിനെതിരെ നടപടി ഉടനെന്ന് സൂചന.
ഓഗസ്റ്റ് 26,27 തിയ്യതികളില്‍ നടക്കുന്ന ജില്ല സെക്രട്ടേറിയേറ്റ് യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. തിരുവനന്തപുരം ജില്ല സെക്രട്ടേറിയേറ്റ് അംഗവും മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റുമാണ് വി.കെ മധു.
അരുവിക്കരയില്‍ സി.പി.എം സ്ഥാനാര്‍ഥി വിജയിച്ചെങ്കിലും ചുമതലക്കാരനായ വി.കെ മധുവിന്‍റെ പ്രവര്‍ത്തനം തൃപ്തികരമായിരുന്നില്ലെന്നാണ് സി.പി.എം വിലയിരുത്തല്‍.
ഇക്കാര്യം അന്വേഷിക്കാന്‍ ജില്ല സെക്രട്ടേറിയേറ്റ് അംഗങ്ങളായ സി. ജയന്‍ ബാബു, കെ.സി വിക്രമന്‍ എന്നിവര്‍ അംഗങ്ങളായ കമ്മിഷനെ പാര്‍ട്ടി നിയോഗിച്ചു. കമ്മിഷന്‍ നടത്തിയ അന്വേഷണത്തില്‍ ആരോപണങ്ങളില്‍ വസ്‌തുതയുണ്ടെന്ന് കണ്ടെത്തി.
മധുവിനെ ജില്ല കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയേക്കും
സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളുടെ സാന്നിധ്യത്തില്‍ 26,27 തിയ്യതികളില്‍ നടക്കുന്ന ജില്ല സെക്രട്ടേറിയേറ്റ് യോഗം നടപടി ചര്‍ച്ച ചെയ്യും. മധുവിനെ ജില്ല കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയേക്കുമെന്നാണ് സൂചന.
നിയമസഭ തെരഞ്ഞെടുപ്പില്‍ അരുവിക്കരയില്‍ വി.കെ മധുവിനെ സ്ഥാനാര്‍ഥിയാക്കണമെന്ന ശുപാര്‍ശ ജില്ല സെക്രട്ടേറിയേറ്റ് സംസ്ഥാന നേതൃത്വത്തിന് സമര്‍പ്പിച്ചിരുന്നു.
പിന്നീട്, ജി. സ്റ്റീഫനെ സ്ഥാനാര്‍ഥിയാക്കാന്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിക്കുകയായിരുന്നു. സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചിരുന്ന മധു പിന്നീട് സ്റ്റീഫന്‍റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വേണ്ടത്ര സജീവമായിരുന്നില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തിയത്.
ALSO READ: 'കേന്ദ്രനടപടി വന്‍കിടക്കാര്‍ക്ക് വേണ്ടി'; വാഹന പൊളിക്കല്‍ നയത്തോട് വിയോജിച്ച് സര്‍ക്കാര്‍