തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയിൽ കിണറ്റില്‍ അകപ്പട്ടെ തമിഴ്‌നാട് സ്വദേശി മഹാരാജനെ കണ്ടെത്തി. എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, വിദഗ്‌ദ തൊഴിലാളികള്‍, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന സംയുക്ത സംഘം നടത്തുന്ന രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തില്‍. കിണറില്‍ അകപ്പെട്ട മഹാരാജനെ മൂന്നാം ദിവസത്തിലാണ് കണ്ടെത്തിയത്. വിദഗ്‌ദ പരിശോധനകള്‍ക്ക് ശേഷം മാത്രമെ മഹാരാജിന്‍റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരം നല്‍കാന്‍ സാധിക്കൂവെന്ന് അധികൃതര്‍ അറിയിച്ചു.
ആലപ്പുഴയിൽ നിന്നുള്ള 26 അംഗ, വിദഗ്‌ധ കിണർ നിര്‍മാണത്തൊഴിലാളികളെ രക്ഷാദൗത്യത്തിനായി മുക്കോലയിൽ എത്തിച്ചിരുന്നു. കിണറ്റിലെ പഴയ റിങ്ങുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനിടെയാണ് തമിഴ്‌നാട് സ്വദേശിയായ തൊഴിലാളി മഹാരാജന്‍ ഉറകൾ ഇടിഞ്ഞുവീണ് അപകടത്തിൽപ്പെട്ടത്. ശനി, ഞായർ ദിവസങ്ങളിൽ രാപ്പകൽ വ്യത്യാസമില്ലാതെ നടന്ന തെരച്ചിലിനെടുവില്‍ കൈ കണ്ടെത്തുകയായിരുന്നു.
ഈ സാഹചര്യത്തിൽ മഹാരാജിനെ ഉടൻ തന്നെ പുറത്തെത്തിക്കാൻ കഴിയുമെന്നാണ് രക്ഷാദൗത്യ സംഘം നൽകുന്ന വിവരം. ഇടിഞ്ഞുവീണ കോൺക്രീറ്റ് ഉറകളിൽ ഭൂരിഭാഗവും കരയ്‌ക്കെത്തിക്കാൻ സാധിച്ചിട്ടുണ്ട്. 90 അടിയോളം താഴ്‌ചയുള്ള കിണറാണിത്. കിണറിന്‍റെ 20 അടിയോളം ഭാഗം മണ്ണ് നിറഞ്ഞുകിടക്കുകയാണ്.
ജൂലൈ 08 രാവിലെ ഒന്‍പതരയോടെ ആയിരുന്നു കിണര്‍ ഇടിഞ്ഞ് മഹാരാജന്‍ കിണറ്റില്‍ അകപ്പെട്ടത്. വേങ്ങാന്നൂര്‍ മുക്കോല ചോട്ടുകോണം റോഡ് അശ്വതിയിൽ സുകുമാരന്‍ എന്നയാളുടെ കിണറിലെ പഴയ കോണ്‍ക്രീറ്റ് ഉറകള്‍ക്ക് മുകളില്‍ പുതിയ ഉറകള്‍ സ്ഥാപിക്കാനെത്തിയ തൊഴിലാളി സംഘത്തിലുണ്ടായിരുന്ന വ്യക്തിയാണ് മഹാരാജന്‍.
നേരത്തെ കിണറിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് അടിത്തട്ടിൽ നിന്ന് മുകളിലേക്കുള്ള ഉറകൾ മാറ്റി സ്ഥാപിച്ചുവരികയായിരുന്നു. കിണറിന്‍റെ അടിത്തട്ടിലുണ്ടായിരുന്ന മണ്ണ് നീക്കുന്നതിനും അവിടെ ഉണ്ടായിരുന്ന പമ്പ് തിരിച്ചെടുക്കുന്നതിനും വേണ്ടിയാണ് മഹാരാജന്‍ കിണറിനുള്ളിലേക്ക് ഇറങ്ങിയത്.
ഇതിന് പിന്നാലെയാണ് കിണറിനുള്ളിലെ മണ്ണിടിഞ്ഞത്. അപകടം നടന്നയുടന്‍ തന്നെ വീട്ടുകാര്‍ ഫയര്‍ ഫോഴ്‌സിനെ അറിയിച്ചു. തുടര്‍ന്ന് പത്ത് മണിയോടെ സ്ഥലത്തേക്കെത്തിയ അഗ്നിരക്ഷ സേനാംഗങ്ങള്‍ ഉടനടി തന്നെ രക്ഷാദൗത്യം ആരംഭിച്ചു.
മഹാരാജനൊപ്പം മണികണ്‌ഠന്‍ എന്ന തൊഴിലാളിയും അപകടം നടക്കുമ്പോള്‍ കിണറിനുള്ളില്‍ ഉണ്ടായിരുന്നു. കിണറിനുള്ളില്‍ മഹാരാജന് കുറച്ച് മുകളിലായിട്ടായിരുന്നു ഇയാള്‍ നിന്നിരുന്നത്. നേരിയ തോതില്‍ വെള്ളം കുത്തിയിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട മുകളില്‍ നിന്ന മറ്റ് തൊഴിലാളികള്‍ ഇവരോട് തിരികെ കയറാന്‍ ആവശ്യപ്പെട്ടിരുന്നു.
ഇത് അനുസരിച്ച് ഇവര്‍ കയറില്‍ പിടിച്ച് തിരികെ കയറാന്‍ ശ്രമിക്കുന്നതിനിടെ കിണറിന്‍റെ മധ്യഭാഗത്ത് സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് ഉറ തകര്‍ന്ന് ഇവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ നിന്നും ചെറിയ പരിക്കുകളോടെ മണികണ്‌ഠന്‍ രക്ഷപ്പെട്ടിരുന്നു.
വിഴിഞ്ഞം, ചാക്ക യൂണിറ്റുകളിൽ നിന്നുള്ള ഫയർഫോഴ്‌സ് സേനയും സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സും (Special Task Force) വിഴിഞ്ഞം പൊലീസും നാട്ടുകാരും ചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. അതിനിടെ കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കുന്നതിനായി ഇന്നലെ (09 ജൂലൈ) രക്ഷാദൗത്യം അല്‍പസമയം നിര്‍ത്തിവയ്‌ക്കുകയും ചെയ്‌തിരുന്നു.
Also Read : മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു; ഒരു മരണം, മൂന്ന് പേർക്കായി തെരച്ചിൽ