തിരുവനന്തപുരം : വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ ആശങ്ക അകറ്റുന്നതിനായി ആരംഭിച്ച മണൽ നീക്കം തുടരുന്നു. മീൻപിടിത്ത തുറമുഖത്തിലെ അഴിമുഖത്തെ മണലാണ് നീക്കം ചെയ്യുന്നത്. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ കമ്പനിയുടെ നേതൃത്വത്തിൽ അത്യാധുനിക സാങ്കേതിക സംവിധാനം ഉപയോഗിച്ചാണ് പ്രവൃത്തി. കൂറ്റൻ ബാർജ്, മണ്ണ് നീക്കം ചെയ്യാനുളള നീളമുളള ബൂം ഉൾപ്പെട്ട വലിയ എസ്‌കവേറ്റർ, മറ്റ് അനുബന്ധ യന്ത്രങ്ങൾ, ടഗ്ഗുകൾ, സാങ്കേതിക സംഘം എന്നിവ വിന്യസിച്ചാണ് വ്യാഴാഴ്‌ച മുതൽ മണൽ നീക്കി തുടങ്ങിയത്.
മത്സ്യത്തൊഴിലാളികളുടെ പരാതി
അഴിമുഖത്ത് അടിഞ്ഞുകിടക്കുന്ന മണൽ അപകടം സൃഷ്‌ടിക്കുന്നതായി മത്സ്യത്തൊഴിലാളികള്‍ അധികൃതരെ അറിയിച്ചിരുന്നു. മണൽത്തിട്ട കാരണം കടലിലേക്ക് വന്നുപോകുന്ന വളളങ്ങൾ തിരയിൽപ്പെട്ട് അപകടമുണ്ടാകുന്നുവെന്നായിരുന്നു തൊഴിലാളികളുടെ പരാതി. ഇതിനെ തുടർന്നാണ് മണൽ നീക്കം ആരംഭിച്ചത്.
Also Read: അറ്റകുറ്റപ്പണി; വിഴിഞ്ഞം കോസ്റ്റൽ പൊലീസ് ബോട്ടിന്‍റെ എൻജിനുകൾ ബേപ്പൂരിലേക്ക്
അത്യാധുനിക സാങ്കേതിക സംവിധാനം ഉപയോഗിച്ച് മണൽ നീക്കം
അഴിമുഖത്ത് മണ്ണടിഞ്ഞിട്ടുണ്ടോയെന്ന് ആദ്യം പരിശോധന നടത്തിയിരുന്നു. ഇതിനായി ജി.പി.എസ് സംവിധാനം,എക്കോ സൗണ്ടിങ് മെഷീൻ എന്നിവയ്‌ക്കൊപ്പം മുങ്ങൽ വിദഗ്‌ധരുടെയും സഹായത്തോടെ മൂന്ന് ദിവസം അഴിമുഖത്ത് പരിശോധനയും നടത്തി. മണ്ണിടിച്ചില്‍ ഇല്ലെന്ന് വ്യക്തമായിട്ടുണ്ട്. നിലവില്‍ എട്ട് മുതൽ ഒൻപത് മീറ്റർ വരെ ആഴമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.