തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ മത്സ്യത്തൊഴിലാളികളുടെ സമരം 18-ാം ദിവസവും തുടരുന്നു. തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് തീരശോഷണം സംബന്ധിച്ച് പഠനം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് മത്സ്യത്തൊഴിലാളികള്‍ സമരം നടത്തുന്നത്. അക്രമ സമരം പാടില്ലെന്ന ഹൈക്കോടതി വിധി മറികടന്നാണ് മത്സ്യത്തൊഴിലാളികള്‍ ഇന്ന്(02.09.2022) സമരം തുടരുന്നത്.
പൊലീസിന്‍റെ ശക്തമായ സുരക്ഷ സംവിധാനങ്ങള്‍ മറികടന്നാണ് പ്രതിഷേധം. മൂന്ന് ഘട്ട ബാരിക്കേഡുകളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഇതില്‍ ആദ്യഘട്ട ബാരിക്കേഡുകല്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ പ്രദേശത്ത് ഉന്തും തള്ളുമുണ്ടായി.
തുറമുഖ നിര്‍മാണ മേഖലയിലേക്ക് കടക്കാനാണ് പ്രതിഷേധക്കാര്‍ ശ്രമിക്കുന്നത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കര്‍ശനമായ പൊലീസ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. സര്‍ക്കാരുമായി പല വട്ടം പ്രതിഷേധക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും നിര്‍മാണം നിര്‍ത്തിവയ്‌ക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല.