തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിൽ ഒത്തുതീർപ്പിന് അദാനി ഗ്രൂപ്പ്. തീരശോഷണം മൂലം വീട് നഷ്‌ടപ്പെട്ടവരുടെ പുനരധിവാസത്തിനായി സിഎസ്ആർ ഫണ്ട് ഉപയോഗിക്കാമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. സമരക്കാരുമായി ചർച്ച നടത്താനായി സർക്കാർ നിയോഗിച്ച മധ്യസ്ഥരുമായുള്ള ചർച്ചയിലാണ് അദാനി ഗ്രൂപ്പ് ഈ നിർദേശം മുന്നോട്ട് വെച്ചത്.
സമരക്കാരുമായി നേരിട്ട് സർക്കാർ നടത്തിയ ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് പുതിയ നീക്കം. സമരം എത്രയും വേഗം അവസാനിപ്പിക്കുന്നതിനുള്ള ശ്രമം ഉണ്ടാകണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടു. വിഴിഞ്ഞം തുറമുഖത്തിന്‍റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ വീട് നഷ്‌ടപ്പെട്ടവരുടെ പുനരധിവാസത്തിന് സിഎസ്ആർ ഫണ്ട് ഉപയോഗിക്കാമെന്ന നിർദ്ദേശമാണ് പ്രധാനമായും പരിഗണനയിലുള്ളത്.
അദാനി ഗ്രൂപ്പ് മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ അനൗദ്യോഗിക ചർച്ചകളിലൂടെ സർക്കാർ ലത്തീൻ അതിരൂപതയെ അറിയിക്കും. എന്നാൽ തങ്ങൾ മുന്നോട്ട് വെയ്ക്കുന്ന തുറമുഖ നിർമാണം നിർത്തിവെക്കണമെന്നതുൾപ്പെടെയുള്ള ഏഴ് ആവശ്യങ്ങളിൽ അനുകൂല നടപടി ഉണ്ടാകുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് വിഴിഞ്ഞം സമര സമിതി.