തിരുവനന്തപുരം: വിഴിഞ്ഞം സമരത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ ഇടയലേഖനം. സര്‍ക്കാര്‍ തുറമുഖ നിര്‍മാണത്തിന് അനുകൂലവും, മത്സ്യത്തൊഴിലാളികള്‍ക്ക് എതിരാണെന്നുമാണ് ഇടയലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. നാളെ (04.09.2022) പ്രാര്‍ഥനയ്‌ക്കിടെ അതിരൂപതയുടെ അധീനതയിലുള്ള മുഴുവന്‍ പള്ളികളിലും ഇടയലേഖനം വായിക്കണമെന്നാണ് വൈദികര്‍ക്ക് അതിരൂപത മെത്രാപ്പൊലീത്ത തോമസ് ജെ നെറ്റോ നല്‍കിയ നിര്‍ദേശം.
അദാനി അന്താരാഷ്‌ട്ര തുറമുഖ നിര്‍മാണത്തിനെതിരായ സമരം ശക്തിപ്പെടുത്താനാണ് അതിരൂപതയുടെ തീരുമാനം. ന്യായമായ ആവശ്യങ്ങള്‍ക്കു വേണ്ടി മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തോട് സര്‍ക്കാര്‍ പുറന്തിരിഞ്ഞു നില്‍ക്കുകയാണ്. സര്‍ക്കാരുമായുളള ചര്‍ച്ചകള്‍ ഫലം കണ്ടില്ല.
പോര്‍ട്ടിന്‍റെ കരാറുകാരനുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ മത്സ്യത്തൊഴിലാളികള്‍ക്കെതിരെ മൊഴി കൊടുത്ത് തുറമുഖ നിര്‍മാണത്തിന് അനുകൂലമായി ഇടക്കാല വിധി സമ്പാദിച്ചു. ഈ പശ്ചാത്തലത്തില്‍ തുറമുഖ കവാടത്തില്‍ തന്നെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നും സര്‍ക്കുലറില്‍ പറയുന്നു.