തിരുവനന്തപുരം: കാത്തിരിപ്പിന് വിരാമമിട്ട് വിഴിഞ്ഞം തുറമുഖത്ത് (Vizhinjam Port) എത്തിയ ആദ്യ കപ്പലിന് ഔദ്യോഗിക സ്വീകരണം (Vizhinjam Port First Ship Official Reception). ബലൂണ്‍ പറത്തിയും വാട്ടര്‍ സല്യൂട്ട് നൽകിയും പതാക വീശിയുമാണ് കപ്പലിന് സ്വീകരണം. ഉദ്‌ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ് സോനോവാള്‍, സംസ്ഥാന തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, അദാനി ഗ്രൂപ്പ സി ഇ ഒ കരണ്‍ അദാനി, വിഴിഞ്ഞം തുറമുഖത്തെ പുതിയ എം ഡി ദിവ്യ എസ് അയ്യര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഇക്കഴിഞ്ഞ വ്യാഴാഴ്‌ച ആയിരുന്നു മൂന്ന് ക്രെയിനുകളുമായി ചൈനയില്‍ നിന്നുള്ള ഷെന്‍ഹുവായ് 15 കപ്പല്‍ തുറമുഖത്ത് എത്തിയത്. അന്താരാഷ്‌ട്ര കപ്പല്‍ ചാലില്‍ നിന്നും 10 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയുള്ള വിഴിഞ്ഞ തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതോടെ പതിനേഴായിരം തൊഴിലവസരങ്ങള്‍ നേരിട്ട് ഉണ്ടാകുമെന്നാണ് പദ്ധതി രേഖ.
ഇന്നത്തെ ചടങ്ങിന്‍റെ സുരക്ഷ ചുമതലകള്‍ക്കായി വിന്യസിച്ചിട്ടുള്ളത് 1200 പോലിസ് ഉദ്യോഗസ്ഥരെയാണ്. കൂടാതെ അഗ്നിരക്ഷാസേനയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റും കോസ്റ്റ് ഗാര്‍ഡും ചടങ്ങിന് സുരക്ഷ ഒരുക്കാനുണ്ട്. അതേസമയം ചടങ്ങില്‍ പങ്കെടുക്കാനെത്തുന്ന പൊതുജനങ്ങള്‍ക്കായി തമ്പാനൂര്‍ സ്റ്റാന്‍ഡില്‍ നിന്നും കെ എസ് ആര്‍ ടി സി സൗജന്യ ബസ് സര്‍വീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചടങ്ങിനായി 5000 ഓളം പേര്‍ക്ക് പങ്കെടുക്കാവുന്ന വേദിയാണ് ഒരുക്കിയിട്ടുള്ളത്.
2015 ല്‍ പൊതു - സ്വകാര്യ പദ്ധതിയായി പി പി പി മാതൃകയില്‍ അദാനി ഗ്രൂപ്പുമായി കരാര്‍ ഒപ്പിട്ടതിന് ശേഷം നിരവധി തവണ, പല കാരണങ്ങളാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയ പദ്ധതിയായിരുന്നു ഇത്. പാറയുടെ ലഭ്യത കുറവ്, ഓഖി, കൊവിഡ്, വിഴിഞ്ഞം സമരം ഇങ്ങനെ പല കാരണങ്ങളും പ്രതികൂലമായി. 1000 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകേണ്ടിയിരുന്ന ആദ്യ ഘട്ടം 8 വര്‍ഷത്തോളമെടുത്താണ് പൂര്‍ത്തിയായത്.
2024 മേയില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഡിസംബറില്‍ തുറമുഖം പ്രവര്‍ത്തന സജ്ജമാകുമെന്നാണ് നിലവില്‍ പ്രതീക്ഷിക്കുന്നത്. അതേസമയം സംസ്ഥാന വ്യാപകമായി പടക്കം പൊട്ടിച്ചും മിഠായി വിതരണം ചെയ്‌തും പൊതുസമ്മേളനങ്ങളും ജാഥകളും നടത്തി എല്‍ ഡി എഫ് കപ്പലിന്‍റെ വരവ് ആഘോഷിക്കുമ്പോള്‍ തുറമുഖത്തിന് ഉമ്മന്‍ചാണ്ടിയുടെ പേരിടാനുള്ള ആവശ്യത്തില്‍ ഉറച്ച് നിൽക്കുകയാണ് യു ഡി എഫ്. തുറമുഖത്തിന്‍റെ കവാടത്തിൽ ഉമ്മൻചാണ്ടിയുടെ ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തിയ ശേഷമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചടങ്ങില്‍ പങ്കെടുക്കുക.
ഔദ്യോഗിക ക്ഷണമുണ്ടെങ്കിലും ലത്തീന്‍ അതിരൂപത പ്രതിനിധികള്‍ ആരും പങ്കെടുക്കാന്‍ സാധ്യതയില്ല. ക്രെഡിറ്റ് സംബന്ധിച്ച് വാദ പ്രതിവാദങ്ങള്‍ തുടരുമ്പോഴും തീരമണഞ്ഞ കപ്പല്‍ സംസ്ഥാനത്തെ വികസന സ്വപ്‌നങ്ങള്‍ക്ക് ചിറക് നൽകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.