തിരുവനന്തപുരം: അതിർത്തി തർക്കവുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാൻ പോയ വിഴിഞ്ഞം പൊലീസിന് നേരെ ആക്രമണം. ഹെൽമറ്റ് കൊണ്ടുള്ള അടിയേറ്റ ജീപ്പ് ഡ്രൈവർ സാജന് കണ്ണിന് ഗുരുതര പരിക്കേറ്റു. സഹോദരങ്ങളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വിഴിഞ്ഞം വെണ്ണിയൂർ നെല്ലിവിള എസ്.എൻ.ഡി.പി മന്ദിരത്തിന് സമീപം താമസിക്കുന്ന വി.നിശാന്ത്(43) സഹോദരൻ വി.അജിത് കുമാർ (40) എന്നിവരാണ് അറസ്റ്റിലായത്. മുറിച്ചിട്ട മരങ്ങൾ വാഹനത്തിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിലെത്തിയതോടെ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു.
പൊലീസ് എത്തി വിവരം തിരക്കുന്നതിനിടയിൽ പ്രകോപിതരായ ഒരു വിഭാഗം പൊലീസ് വാഹനത്തെ തടഞ്ഞു. പ്രശ്നമുണ്ടാക്കിയ സംഘത്തിലെ നിശാന്തിനെയും അജിത്തിനെയും പൊലീസ് ബലമായി പിടിച്ച് ജീപ്പിൽ കയറ്റി. പ്രതികളെ സ്റ്റേഷനിൽ കൊണ്ടുവരാനായി വാഹനം സ്റ്റാർട്ട് ചെയ്യുന്നതിനിടയിലായിരുന്നു ഡ്രൈവർക്ക് നേരെ ആക്രമണം.
മറ്റ് പൊലീസുകാർ വാഹനം തടഞ്ഞവരെ നിയന്ത്രിക്കുന്നതിനിടയിൽ ജീപ്പിലുണ്ടായിരുന്ന ഹെൽമറ്റ് കൊണ്ട് പ്രതികൾ ഡ്രൈവറുടെ മുഖത്തടിച്ചു. അപ്രതീക്ഷിതമായ അടിയിൽ കണ്ണിന് പരിക്കേറ്റ ഡ്രൈവർ വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.
also read: സമരം കുഞ്ഞിന് വേണ്ടി മാത്രം; നാളുകള്‍ക്കിപ്പുറം അനുപമ ഇടിവി ഭാരതിനോട്
എന്നാൽ വനിത പൊലീസ് ഇല്ലാതെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് നേരെ പൊലീസ് തിരിഞ്ഞതായി എതിർകക്ഷിക്കാരും ആരോപിക്കുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു.