തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിനെതിരായ മത്സ്യത്തൊഴിലാളികളുടെ സമരം തുടരും. അതേസമയം, സമരസമിതിയുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് സർക്കാർ ചർച്ചയിൽ ഉറപ്പ് നൽകി. കടലാക്രമണത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ഓണത്തിന് മുമ്പ് വാടക വീടുകളിലേക്ക് മാറ്റുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
മത്സ്യത്തൊഴിലാളി കുടുംബങ്ങളെ വാടക വീടുകളിലേക്ക് മാറ്റുന്നതിനാവശ്യമായ വാടകത്തുക നിശ്ചയിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ജില്ല കലക്‌ടര്‍ അദ്ധ്യക്ഷനും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറും മറ്റ് ഉദ്യോഗസ്ഥരും അടങ്ങുന്ന സമിതിയെയും യോഗം നിയോഗിച്ചു. ഫിഷറീസ് മന്ത്രി വി അബ്‌ദുറഹിമാന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഗതാഗത മന്ത്രി ആന്റണി രാജുവും സമരസമിതി നേതാക്കളും ഫിഷറീസ് സെക്രട്ടറി കെ.എസ് ശ്രീനിവാസ് ഐഎഎസ് ഉള്‍പ്പടെയുള്ളവരും യോഗത്തില്‍ പങ്കെടുത്തു.
മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ വിതരണത്തിലെ ക്രമക്കേടുകള്‍ ഒഴിവാക്കാന്‍ മത്സ്യഫെഡിന് മണ്ണെണ്ണ വിതരണത്തിനുള്ള അനുമതി ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും മന്ത്രി സമരസമിതിക്ക് ഉറപ്പ് നൽകി. മുതലപ്പൊഴി ഫിഷിങ് ഹാര്‍ബര്‍ നിര്‍മാണത്തിലെ അപാകതകള്‍ സംബന്ധിച്ച് പഠനം നടത്തി തദ്ദേശവാസികളായ മത്സ്യത്തൊഴിലാളികളുടെ അഭിപ്രായവും കണക്കിലെടുത്ത് ആവശ്യമായ പരിഹാര നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിനായി ഹാര്‍ബര്‍ എന്‍ജിനീയറിങ്ങ് വകുപ്പ് ചീഫ് എന്‍ജിനീയറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വലിയതുറയില്‍ 192 ഫ്‌ളാറ്റുകള്‍ നിര്‍മിക്കുന്നതിനുള്ള ഭൂമി കൈമാറ്റ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ മന്ത്രിതല യോഗം ഈ മാസം 22 ന് തിരുവനന്തപുരത്ത് ചേരുമെന്ന് മന്ത്രി അറിയിച്ചു. സമരസമിതി ജനറല്‍ കണ്‍വീനര്‍ യുജിന്‍ എച്ച് പെരേരയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ചയിൽ പങ്കെടുത്തത്. അതേസമയം, തങ്ങളുടെ ആവശ്യങ്ങൾ പൂര്‍ണമായി നിറവേറിയ ശേഷമേ മത്സ്യത്തൊഴിലാളികൾ സമരമുഖത്ത് നിന്നും പിന്മാറൂ എന്ന നിലപാടിലാണ് സമരസമിതി.