തിരുവനന്തപുരം : സമീപകാലത്തൊന്നുമില്ലാത്ത വിധത്തില്‍ സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്നു. ഞായറാഴ്‌ച മാത്രം 11,000 പേര്‍ സംസ്ഥാനത്ത് പകര്‍ച്ചപ്പനിയെത്തുടര്‍ന്ന് ചികിത്സ തേടിയെന്നാണ് വിവരം. എന്നാല്‍ ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പിന്‍റെ വെബ്‌സൈറ്റില്‍ കണക്കുകളൊന്നും ലഭ്യമല്ല.
സംസ്ഥാനത്തെ വലച്ച് പകര്‍ച്ചപ്പനി : പകര്‍ച്ചപ്പനിയില്‍ മരണം ഉണ്ടായില്ലെങ്കിലും എലിപ്പനി, ഡെങ്കിപ്പനി എന്നിവ മൂലം സംസ്ഥാനത്ത് ഇക്കൊല്ലം ഇതുവരെ 66 പേര്‍ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതോടെ സ്വകാര്യ ആശുപത്രികളില്‍ കിടക്കകള്‍ക്കും ദൗര്‍ലഭ്യം നേരിടുകയാണ്. ആശുപത്രികളില്‍ കിടക്കകളുടെ ലഭ്യത ഉറപ്പുവരുത്തിയ ശേഷമാണ് പലരും പനി ബാധിച്ചവരെ അങ്ങോട്ട് കൊണ്ടുപോകുന്നത്.
ആരോഗ്യവകുപ്പ് മറന്നതോ ? : എന്നാല്‍ സ്ഥിതി രൂക്ഷമായിട്ടും സംഭവത്തില്‍ അടിയന്തരമായി ഇടപെടുന്നതിനോ മുന്‍കാലങ്ങളിലേത് പോലെ പനി ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിനോ ആരോഗ്യവകുപ്പ് തയ്യാറായിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് മന്ത്രി വീണ ജോര്‍ജിന്‍റെ പ്രതികരണം. മാറിയും മറിഞ്ഞും മഴയും വെയിലുമുള്ള സാഹചര്യമാണ് പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകാന്‍ കാരണമെന്നും മന്ത്രി പറഞ്ഞിരുന്നു.
സംസ്ഥാനത്ത് ഒരാഴ്‌ചയായി രോഗബാധിതരുടെ എണ്ണം പതിനായിരത്തില്‍ കുറയാതെ തുടരുകയാണ്. പുറമെ ഡെങ്കിപ്പനിക്കും എലിപ്പനിക്കും ശമനമില്ല. വെള്ളക്കെട്ടുകളില്‍ കൊതുക് പെരുകുന്നതാണ് വിവിധതരം പനി പടരാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്. ഒരാഴ്‌ചയ്ക്കിടെയാണ് പനി ബാധിതരുടെ എണ്ണം അയ്യായിരത്തില്‍ നിന്ന് പതിനായിരത്തിലേക്കുയര്‍ന്നത്.
Also read: ചുമയുടെ മരുന്നിന് പകരം തറ വൃത്തിയാക്കുന്ന ലോഷന്‍ നല്‍കി; കൊല്ലം ആരോഗ്യ കേന്ദ്രത്തിനെതിരെ പരാതി
ഡെങ്കിപ്പനിക്ക് പ്രതിരോധം നിര്‍ദേശങ്ങളോ ? : സംസ്ഥാനത്ത് ഇതുവരെ 66 പേര്‍ക്ക് എലിപ്പനി, ഡെങ്കിപ്പനി എന്നിവ മൂലം ജീവന്‍ നഷ്‌ടമായി. എന്നിട്ടും ജലവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ ഡോക്‌സി സൈക്ലീന്‍ പ്രതിരോധ ഗുളിക കഴിക്കണമെന്ന മുന്നറിയിപ്പുമാത്രം നല്‍കി ആരോഗ്യ വകുപ്പ് കൈകഴുകിയെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പാളിച്ചയാണ് പനി ബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്നും ആക്ഷേപമുയരുന്നുണ്ട്. മെയ് മാസം ആദ്യം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും പല തദ്ദേശ ഭരണ സ്ഥാപനങ്ങളും പ്രവര്‍ത്തനം ആരംഭിച്ചില്ലെന്ന പരാതിയും നിലനില്‍ക്കുന്നു.
ഡെങ്കിപ്പനി കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കൊതുക് നശീകരണം ഊര്‍ജിതമാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തോട്ടം മേഖലകളില്‍ ഈഡിസ് കൊതുകിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. റബ്ബര്‍ തോട്ടങ്ങളിലെ പാല്‍ ശേഖരിക്കുന്ന കൃത്രിമ ചിരട്ടകള്‍, റെയിന്‍ ഗാര്‍ഡ് എന്നിവയില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശമുണ്ട്. ടെമിഫോസ്, ഗ്രാന്യൂള്‍ഡ്, ബിടിഐ എന്നിവ ഉപയോഗിച്ച് കൂത്താടി നശീകരണം നടത്തണമെന്നും ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശത്തിലുണ്ട്.
ഇവ ശ്രദ്ധിക്കാം : പനി ബാധിച്ചാല്‍ ഏതുമരുന്നും ഡോക്‌ടറുടെ നിർദേശപ്രകാരം മാത്രം കഴിക്കുക. പാരസെറ്റമോൾ ഗുളികകളേക്കാൾ മെച്ചപ്പെട്ട രീതിയിൽ കുത്തിവയ്പ്പുകൾ പ്രവർത്തിക്കില്ല എന്നതിനാല്‍ തന്നെ ഇൻജക്ഷനും ഡ്രിപ്പിനും ഡോക്‌ടർമാരെ നിർബന്ധിക്കരുത്. പനിയുള്ളപ്പോൾ മറ്റുള്ളവരുമായി അടുത്തിടപഴകരുത്. സ്‌കൂൾ, ഓഫിസ് എന്നിവിടങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുക.
Also read: കുട്ടികളിലെ പനിയും ചുമയും; ആശങ്ക വേണ്ട, ശ്രദ്ധ വേണം: ആരോഗ്യ മന്ത്രി
മാത്രമല്ല രോഗിക്ക് പൂർണ വിശ്രമം ഉറപ്പാക്കണം. പഴച്ചാറ്, പാനീയങ്ങൾ, പോഷകാഹാരം, കട്ടിയുള്ള കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം തുടങ്ങിയവ തുടർച്ചയായി കഴിക്കുന്നത് ആരോഗ്യത്തിന് അഭികാമ്യമാണ്. മാസ്‌ക് കൊവിഡിനൊപ്പം മറ്റ് പല രോഗങ്ങളെയും പ്രതിരോധിക്കും എന്നതിനാല്‍ അത് ധരിക്കാന്‍ ശ്രദ്ധിക്കുക. കൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മാസ്‌ക് താഴ്ത്തരുത്. മഴ നനയാതിരിക്കാന്‍ ശ്രദ്ധിക്കുക. കൈകൾ ഇടയ്‌ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുകയും വേണം.