തിരുവനന്തപുരം: സംസ്ഥാനത്തെ വില്ലേജ് ഓഫീസർമാരുടെ ശമ്പളം വെട്ടിക്കുറച്ച് സർക്കാർ. 29,200- 62,400 വരെ ആയിരുന്ന ശമ്പള സ്കെയിൽ 27, 800- 59400 ആയി കുറച്ചു കൊണ്ട് ധനവകുപ്പ് ഉത്തരവിറക്കി. പത്താം ധനകാര്യ കമ്മിഷന്‍റെ ശുപാർശ പ്രകാരം ഉയർത്തിയ പ്രത്യേക സ്കെയിലാണ് ഇപ്പോൾ കുറച്ചത്.
ഹെഡ് ക്ലർക്കുമാരെയാണ് പലപ്പോഴും വില്ലേജ് ഓഫീസർമാരാക്കുന്നത്. ഇവർ പഴയ തസ്തികയിലേക്ക് പോകാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ട് വില്ലേജ് ഓഫീസർമാർക്ക് പ്രത്യേക സ്കെയിൽ നൽകുന്നത് ഭരണപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്നാണ് ധനവകുപ്പ് വിശദീകരണം.
1670 ഓളം വില്ലേജ് ഓഫീസർമാരാണ് സംസ്ഥാനത്ത് ഉള്ളത്. ജൂലായ് ഒന്ന് മുതൽ ഉത്തരവ് നിലവിൽ വരും. അതിനിടെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ സർവ്വീസ് സംഘടനകൾ രംഗത്ത് എത്തി.