തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധി മൂലം ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിലായ കരകുളം എട്ടാംകല്ല് വിദ്യാധിരാജ എയ്‌ഡഡ് എൽ പി സ്‌കൂളിലെ ഉച്ച ഭക്ഷണ ചെലവ് അധ്യാപകർ ഏറ്റെടുക്കും (Teachers Will Take Over Mid Day Meal Plan Expenses). കേന്ദ്രസർക്കാരിൽ നിന്നും ലഭിക്കേണ്ട ഫണ്ട് കൃത്യമായി ലഭിക്കാത്തതിനാൽ മൂന്നുമാസമായി സംസ്ഥാനത്തെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിലാണ്. പല പ്രഥമാധ്യാപകരും ലോണെടുത്തും സ്വർണം പണയം വച്ചുമാണ് പദ്ധതി തങ്ങളുടെ സ്‌കൂളിൽ നടപ്പിലാക്കുന്നത്.
ഇതിനിടെ കരകുളം എട്ടാംകല്ല് വിദ്യാധിരാജ എൽ പി സ്‌കൂളിലെ (Vidyadhiraja LP School) പ്രഥമ അധ്യാപകൻ ജെ പി അനീഷ് നെടുമങ്ങാട് വിദ്യാഭ്യാസ ഉപജില്ല ഓഫിസർക്ക് തന്‍റെ പ്രയാസം പറഞ്ഞ് കത്തെഴുതിയിരുന്നു. സ്‌കൂളിലെ ഉച്ചഭക്ഷണ വിതരണത്തിനായി കടംവാങ്ങിയതിനാൽ പണം തിരികെ നൽകാൻ കഴിയാതെ കടക്കാരെ പേടിച്ച് നാണംകെട്ട് ജീവിക്കുന്ന അവസ്ഥയാണെന്നാണ് അനീഷ് അധികാരികളെ അറിയിച്ചത്. വിഷയം വാർത്തയായതിന് പിന്നാലെ പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണുമെന്ന് വിദ്യാഭ്യാസ മന്ത്രി (Educational Minister) അറിയിച്ചിരുന്നു.
എന്നാൽ, കുട്ടികൾ പട്ടിണി കിടക്കാതിരിക്കാനാണ് സർക്കാർ ഫണ്ടിന് കാത്ത് നിൽക്കാതെ അധ്യാപകർ തന്നെ ഉച്ചഭക്ഷണം നൽകാൻ മുന്നിട്ടിറങ്ങുന്നതെന്ന് സ്‌കൂൾ അധികൃതർ ഇടിവി ഭാരതിനോട് പറഞ്ഞു. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലായി രണ്ടര ലക്ഷം രൂപയോളം ചെലവാണ് സ്‌കൂളിന് ഉണ്ടായത്. രണ്ട് ലക്ഷം രൂപ അനീഷ് വായ്‌പ എടുത്തതാണ്. ഓഗസ്റ്റ് മാസത്തെ ചെലവ് ഇനിയും ബാക്കിയാണ്. കടം വാങ്ങിയതിന്‍റെ പേരിൽ ഇപ്പോൾ പ്രയാസത്തിലുമാണ്.
ഇതേ തുടർന്നാണ് സ്‌കൂളിലെ ഉച്ചഭക്ഷണം നിർത്തേണ്ടി വരുമോ എന്ന ആശങ്ക വന്നത്. സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം നൽകുന്ന 2016 ലെ നയം അനുസരിച്ച്, 150 വിദ്യാർഥികൾ വരെയാണെങ്കിൽ ഒരു കുട്ടിക്ക് ദിവസം എട്ട് രൂപ, 500 വിദ്യാർഥികൾ വരെയാണെങ്കിൽ ഒരു കുട്ടിക്ക് ഏഴ് രൂപ നിരക്കിലാണ് സർക്കാർ ഉച്ചഭക്ഷണ തുക അനുവദിക്കുന്നത്.
ഒരു കുട്ടിക്ക് ആഴ്‌ചയിൽ രണ്ടുദിവസം പാലും ഒരു ദിവസം മുട്ടയും നൽകണം. എന്നാൽ അവശ്യസാധനങ്ങളുടെ വില വന്നു വർധിച്ചതുമൂലം ഉച്ചഭക്ഷണത്തിന്‍റെ താരിഫ് മാറ്റണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സർക്കാർ ആവശ്യം ഇതുവരെയും നടപ്പിലാക്കിയിട്ടില്ല.
പ്രശ്‌നങ്ങൾ മറച്ചു വച്ച് വിദ്യാഭ്യാസ മന്ത്രി : പച്ചക്കറിക്കും അവശ്യസാധനങ്ങൾക്കും വിലകൂടിയതിന് പിന്നാലെ സംസ്ഥാനത്തെ ഉച്ചഭക്ഷണത്തിനായി സർക്കാർ നൽകിവന്ന തുക കുറവാണെന്നും വിഷയത്തിൽ അധ്യാപകർ സമരം ചെയ്യുന്നുണ്ടെന്നും നേരത്തെ തന്നെ മാധ്യമങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ യാതൊരു സ്‌കൂളും ഇത്തരത്തിലുള്ള പരാതി അറിയിച്ചിട്ടില്ലെന്നും സ്‌കൂളുകൾക്ക് വേണ്ട പച്ചക്കറികൾ സ്‌കൂളുകളിൽ തന്നെ ഉത്പാദിപ്പിക്കുന്നുണ്ടെന്നുമാണ് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്.
ആയതിനാൽ പച്ചക്കറിയുടെ വില വർധനവ് ഉച്ച ഭക്ഷണത്തെ ബാധിക്കില്ല. ജനാധിപത്യത്തിന്‍റെ രീതി അനുസരിച്ച് സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു. എന്നാൽ മന്ത്രിയുടെ വാദങ്ങളെ തള്ളുന്നതാണ് ഇന്ന് വന്ന പരാതി.