തിരുവനന്തപുരം: ഹോട്ടൽ ജീവനക്കാർക്ക് നൽകിയ ഹെൽത്ത് കാർഡിന് വ്യാജ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ ഡോക്‌ടർമാരുടെ നടപടി ക്രിമിനൽ കുറ്റമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. മെഡിക്കൽ നൈഥികയ്‌ക്ക് എതിരായ നടപടിയാണിത്. ഒരു സമൂഹത്തെ വെല്ലുവിളിക്കുന്ന ഇത്തരം നടപടികളെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും വീണ ജോർജ് വ്യക്‌തമാക്കി.
രജിസ്ട്രേഷൻ താത്‌കാലികമായി റദ്ദാക്കണമെന്ന് മെഡിക്കൽ കൗൺസിലിനോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷണത്തിൽ മായം കലർത്തുന്നത് പോലെ തന്നെ ക്രൂരമാണ് ഡോക്‌ടർമാരുടെ പ്രവർത്തിയും. വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ ഇത്തരത്തിൽ അനുവദിച്ച മെഡിക്കൽ സർട്ടിഫിക്കറ്റുകൾ സംബന്ധിച്ച് പരിശോധന നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.
സുരക്ഷിതമായ ഭക്ഷണം ഉറപ്പുവരുത്തേണ്ട നടപടികളെ അട്ടിമറിക്കാനാണ് നീക്കം നടക്കുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ല. ഹെൽത്ത് കാർഡ് നൽകാറുള്ള മാർഗ നിർദേശം ശക്തമായി നടപ്പാക്കും. പൊതുസമൂഹം ഇതിനായി ഒരുമിച്ച് നിൽക്കണം. തെറ്റായ പ്രവണതകൾ എവിടെയെങ്കിലും നടന്നാൽ അറിയിക്കണമെന്നും അതിൽ ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
ഇത്തരത്തിൽ സർട്ടിഫിക്കറ്റുകൾ നൽകുന്നതിന് 100 രൂപ ഫീസ് വാങ്ങാമെന്ന് 2011ലെ ഉത്തരവിൽ പറയുന്നുണ്ട്. അത് മാറ്റി സൗജന്യമാക്കാൻ സർക്കാർ ആലോചന തുടങ്ങിയിട്ടുണ്ട്. ഇവിടുത്തെ പ്രശ്‌നം ഫീസ് മാത്രമല്ല ആളെ പോലും കാണാതെ ലാഘവത്തോടെ സർട്ടിഫിക്കറ്റ് നൽകിയതാണ്. അത് ക്രിമിനൽ കുറ്റം തന്നെയാണെന്നും മന്ത്രി പറഞ്ഞു.
ഹെൽത്ത് കാർഡ് ഡിജിറ്റൽ ആക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഇതിൽ കാർഡ് ഉടമയുടെ ആധാർ വിവരവും സർട്ടിഫൈ ചെയ്‌ത മെഡിക്കൽ ഓഫിസറിന്‍റെ വിവരവും ഉണ്ടാകും. ആരൊക്കെ അട്ടിമറിക്കാൻ ശ്രമിച്ചാലും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.