തിരുവനന്തപുരം: പുനസംഘടനയുടെ കല്ലുകടിക്കിടയിലും ഉമ്മന്‍ചാണ്ടിയുടെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും വിവരിക്കുന്ന ഇതിഹാസം- ഉമ്മന്‍ചാണ്ടി: സഭയിലെ അരനൂറ്റാണ്ട്' എന്ന പുസ്തകം പ്രകാശനം ചെയ്തു. വീക്ഷണം പബ്‌ളിക്കേഷനാണ് പുസ്തകം പുറത്തിറക്കിയത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയില്‍ നിന്ന് സാഹിത്യകാരന്‍ പെരുമ്പടവം ശ്രീധരന്‍ പുസ്തകം ഏറ്റുവാങ്ങി. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും അതൊന്നും ഉള്ളില്‍ വച്ചു പെരുമാറുന്ന നേതാവല്ല ഉമ്മന്‍ചാണ്ടിയെന്ന് ചടങ്ങില്‍ ആമുഖ പ്രഭാഷണം നടത്തിയ കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ പറഞ്ഞു. ചെറുപ്പക്കാര്‍ക്ക് റോള്‍ മോഡലാണ് ഇപ്പോഴും ഉമ്മന്‍ചാണ്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആശംസകളുമായി നേതാക്കള്‍
രാപകല്‍ വ്യത്യാസമില്ലാതെ ഒരു ജനതയ്ക്കു വേണ്ടി അത്യധ്വാനിച്ച നേതാവാണ് ഉമ്മന്‍ചാണ്ടിയെന്ന് സാഹിത്യകാരന്‍ പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുമായി ഇണങ്ങിയും പിണങ്ങിയും നീങ്ങിയിട്ടുണ്ടെങ്കിലും അദ്ദേഹവുമായുള്ള സൗഹാര്‍ദ്ദത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായിരുന്ന അഞ്ച് വര്‍ഷം അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച അനുഭവമാണ് ഇന്ന് പ്രതിപക്ഷ നേതൃസ്ഥാനത്ത് തനിക്ക് ആത്മവിശ്വാസം നല്‍കുന്നതെന്ന് വി.ഡി.സതീശന്‍ പറഞ്ഞു.
മുന്‍ കെ.പി.സി.സി പ്രസിഡന്‍റുമാരായ കെ.മുരളീധരന്‍, വി.എം.സുധീരന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ഒ.രാജഗോപാല്‍, പി.കെ കുഞ്ഞാലിക്കുട്ടി, ഷിബു ബേബിജോണ്‍, അനൂപ് ജേക്കബ്, സി.പി.ജോണ്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
കൂടുതല്‍ വായനക്ക്: കോടിയേരി സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തുന്നു, തീരുമാനം ഉടൻ
എല്ലായ്‌പ്പോഴും കൂട്ടായ പ്രവര്‍ത്തനം ആഗ്രഹിക്കുന്നയാളാണ് താനെന്ന് മറുപടി പ്രസംഗത്തില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു. സഹപ്രവര്‍ത്തകരുടെ പിന്തുണയും സഹായവും കൊണ്ടാണ് പൊതു രംഗത്ത് എന്തെങ്കിലുമാകാന്‍ കഴിഞ്ഞിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.