തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ പൊലീസ് സുരക്ഷ പിന്‍വലിച്ചത് വിവാദമായി. സുരക്ഷ അവലോകന സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് വി.ഡി സതീശന്‍റെ സുരക്ഷ കുറച്ചുകൊണ്ട് ഉത്തരവിട്ടത്. ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും സെഡ് പ്‌ളസും മന്ത്രിമാര്‍ക്കും സ്‌പീക്കറിനും ഡെപ്യൂട്ടി സ്‌പീക്കറിനും എ യും പ്രതിപക്ഷ നേതാവിന് വൈ പ്‌ളസ് കാറ്റഗറിയിലുമാണ് സുരക്ഷ.
മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നല്‍കിയിരുന്ന സെഡ് കാറ്റഗറി സുരക്ഷയാണ് സതീശനും നല്‍കിയിരുന്നത്. എന്നാൽ ഇത് വൈ പ്ലസിലേക്ക് മാറ്റി. ഇതോടെ അഞ്ച് ഗൺമാന്മാരുണ്ടായിരുന്നത് രണ്ടാക്കി കുറച്ചു.
അതിനിടെ തന്‍റെ സുരക്ഷ കുറച്ചത് പത്രവാര്‍ത്തകളിലൂടെയാണ് അറിഞ്ഞത് എന്ന് വി.ഡി സതീശന്‍ പറഞ്ഞു. വ്യക്തിപരമായി സുരക്ഷ കുറയ്ക്കുന്നതില്‍ ഒരു വിരോധവുമില്ല. എന്നാല്‍ പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം ഇടിച്ചുതാഴ്ത്താനുള്ള ശ്രമമാണിതെന്ന് സതീശന്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഔദ്യോഗിക വസതിയും കാറും തിരിച്ചുനല്‍കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുന്‍ ആഭ്യന്തരമന്ത്രി എന്ന നിലയിലാണ് രമേശ് ചെന്നിത്തലയ്ക്ക് സെഡ് വിഭാഗത്തില്‍ സുരക്ഷ നല്‍കിയിരുന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ വിശദീകരണം. ഇപ്പോള്‍ അദ്ദേഹത്തിന് വൈ പ്‌ളസ് സുരക്ഷയാണ് നല്‍കിയിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എ.കെ ആന്‍റണി, വി.എസ് അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്‌ണന്‍ എന്നിവരാണ് സെഡ് കാറ്റഗറി സുരക്ഷയുള്ള മറ്റ് രാഷ്ട്രീയ നേതാക്കള്‍.
Also Read: സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെ ഉത്തരേന്ത്യൻ മോഡൽ അതിക്രമങ്ങൾ: വി.ഡി സതീശന്‍