തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ സർക്കാർ ദുരൂഹമായ നിരുത്തരവാദിത്തം കാണിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാരിന്‍റെ അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് പ്രശ്‌നം സങ്കീർണമാക്കിയത്. ലക്ഷകണക്കിനാളുകളെ ബാധിക്കുന്ന വിഷയത്തിൽ മുഖ്യമന്ത്രി ഒരു ഇടപെടലും ഇതുവരെ നടത്തിയില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സർക്കാറിനോട് പ്രതിപക്ഷ നേതാവിന്‍റെ അഞ്ച് ചോദ്യങ്ങൾ:
- ജനവാസ കേന്ദ്രങ്ങളെ ഉൾപ്പെടുത്തി അവ്യക്തത നിറഞ്ഞ ഉത്തരവ് സർക്കാർ ഇറക്കിയത് എന്തിന് വേണ്ടി?
- ബഫർ സോൺ നിർണയത്തിന് സാറ്റലൈറ്റ് സർവേ മാത്രം മതിയെന്ന് തീരുമാനിച്ചത് എന്തുകൊണ്ട്?
- സർവേയിൽ റവന്യു തദ്ദേശ വകുപ്പുകളെ ഒഴയാക്കിയത് എന്തിന്?
- സാറ്റലൈറ്റ് സർവേ റിപ്പോർട്ട് മൂന്നര മാസം പൂഴ്ത്തി വച്ചത് എന്തിന്?
- സുപ്രീം കോടതി അവ്യക്തമായ റിപ്പോർട്ടിൽ സംസ്ഥാനത്തിന് എതിരായ തീരുമാനമുണ്ടായാൽ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുമോ?
സുപ്രീം കോടതി ഉത്തരവ് പഠിക്കാൻ നിയോഗിച്ച വിദഗ്‌ദ സമിതി ഒന്നും ചെയ്‌തില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മൂന്ന് മാസം കാലാവധിയാണ് സമിതിക്ക് നിശ്ചയിച്ചിരുന്നത്. ഒരു മാസം കഴിയുമ്പോൾ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കുമെന്നും പറഞ്ഞിരുന്നു.
എന്നാൽ ഒന്നും നടന്നില്ല. ഇതൊന്നും സർക്കാർ പരിശോധിച്ചില്ല. ജനങ്ങളെ ബാധിക്കുന്ന വിഷയത്തിൽ സർക്കാർ ഉറങ്ങുകയോ ഉറക്കം നടിക്കുകയോയാണ്. വനം മന്ത്രിക്ക് മാത്രമല്ല മുഖ്യമന്ത്രിക്കും ഉത്തരവാദിത്തമുണ്ട്. ജനങ്ങളുടെ ആശങ്കയകറ്റാൻ സർക്കാറിന് താല്‌പര്യമില്ലെന്നും വിഡി സതീശൻ പറഞ്ഞു.